Subscribe Us



കോവിഡ് ബാധിച്ചു മരണമടഞ്ഞ കാർഗിൽ യുദ്ധവീരൻ്റെ ഭാര്യ ഷൈലജ സൈമണിന് പാലായുടെ ശ്രദ്ധാഞ്ജലി


പാലാ: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈമൺ ജെയുടെ  വിധവ കോവിഡ് ബാധിച്ചു മരണമടഞ്ഞ ഷൈലജ സൈമണിൻ്റെ അകാല നിര്യാണത്തിൽ നിയുക്ത എം എൽ എ മാണി സി കാപ്പൻ അനുശോചിച്ചു. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീരയോദ്ധാവിൻ്റെ ഭാര്യ എന്ന നിലയിൽ ഷൈലജ എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജൂലൈയിൽ കാർഗിൽ വിജയ ദിവസത്തോടനുബന്ധിച്ച്  പാലായുടെ ആദരവ് ഷൈലജ സൈമണ് മാണി സി കാപ്പൻ നൽകിയിരുന്നു.

കാർഗിൽ വിജയദിനത്തോടനുബന്ധിച്ചു ഷൈലജ സൈമണിന് മാണി സി കാപ്പൻ എം എൽ എ പാലായുടെ ആദരവ് നൽകിയപ്പോൾ ( ഫയൽ ചിത്രം)

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈമൺ ജെ 2000 ഏപ്രിൽ 25നാണ് വീരമൃത്യു വരിച്ചത്. രാഷ്ട്രീയ റൈഫിൾസിലായിരുന്നു. ഗോളിബാഗ് എം ടു 4211 ൽ ശത്രുക്കളുമായി നടന്ന ഏറ്റുമുട്ടലിൽ തലയ്ക്ക് വെടിയേൽക്കുകയായിരുന്നു. മരണശേഷം നാട്ടിലെത്തിച്ച ഭൗതികശരീരം തിരുവനന്തപുരം കൊണ്ണിയൂർ സെൻ്റ് തെരേസാ ലാറ്റിൻ പള്ളിയിൽ സംസ്കരിച്ചു.

തിരുവനന്തപുരം കൊണ്ണിയൂർ സ്വദേശിയായ സൈമണിൻ്റെ വിധവ ഷൈലജയ്ക്ക് 2002 ൽ പാലാ കൊല്ലപ്പള്ളിൽ കേന്ദ്ര സർക്കാർ പെട്രോൾ പമ്പ് അനുവദിച്ചു. ഇതേത്തുടർന്നു ഇവർ പാലാ അന്തീനാട്ടിലേയ്ക്ക് കുടുംബസമേതം താമസം മാറ്റുകയിരുന്നു. കാനറ ബാങ്ക് ഉദ്യോഗസ്ഥയായ സൈജ, സൗമ്യ എന്നിവരാണ് മക്കൾ. ഷൈലജ സൈമണിൻ്റെ നിര്യാണത്തിൽ നിയുക്ത എം എൽ എ മോൻസ് ജോസഫ്, യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, അഡ്വ ടോമി കല്ലാനി,  മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജോർജ് പുളിങ്കാട് തുടങ്ങിയവർ അനുശോചിച്ചു.

Post a Comment

0 Comments