പാലാ: കോവിഡ് മഹാമാരി
സമൂഹത്തിന് ദുരിതമാകുമ്പോൾ സമൂഹത്തിന് സഹായമെത്തിച്ചു കരുതലാകുകയാണ് എ ഐ വൈ എഫ് നേതൃത്വത്തിലുള്ള സ്നേഹതീരം സന്നദ്ധ സംഘടന. പാലാ മണ്ഡലത്തിൽ ഒട്ടാകെ സ്നേഹതീരത്തിന്റ സഹായം ഇതിനോടകം നിരവധിപ്പേർക്കു ലഭിച്ചു കഴിഞ്ഞു. 15 വാഹനങ്ങൾ 24 മണിക്കൂറും ദുരിത ബാധിതരുടെ സഹായത്തിനായി സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് രോഗം ബാധിച്ചവർ, മറ്റു രോഗങ്ങൾ മൂലം വിഷമിക്കുന്നവർ, നിരീക്ഷണത്തിൽ കഴിയുന്നവരുടെ പരിശോധനകൾ തുടങ്ങി ദുരിത ബാധിതർക്ക് ചികിത്സ സഹായം ചെയ്യുക, വരുമാനം നിലച്ചു ബുദ്ധിമുട്ടുന്നവക്ക് ഭക്ഷ്യ കിറ്റുകൾ, മരുന്നുകൾ എന്നിവ എത്തിച്ചു നൽകുക, കോവിഡ് വാക്സിൻ രജിസ്ട്രേഷനു സഹായിക്കുക, കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ ശവസംസ്‌കാരം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സ്നേഹതീരം മുൻകൈയെടുത്തു നടത്തിവരുന്നത്.
എ ഐ വൈ എഫ് ജില്ല വൈസ് പ്രഡിഡന്റ് കെ ബി അജേഷ്, മണ്ഡലം സെക്രട്ടറി എൻ എസ് സന്തോഷ്‌കുമാർ, പ്രസിഡന്റ് കെ ബി സന്തോഷ്, സിപിഐ പാലാ ലോക്കൽ സെക്രട്ടറി പി എൻ പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകരാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
സിപിഐ പാലാ മണ്ഡലം കമ്മറ്റിയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. പാലായിലെ വ്യാപാരികളടക്കമുള്ളവരുടെ സഹകരണം ഇതിനായി ലഭിക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
സ്നേഹതീരം സന്നദ്ധപ്രവർത്തകരെ പാലാ തെക്കേക്കര മുനിസിപ്പൽ കോംപ്ലസ് ഗ്രൗണ്ടിൽ കോവിഡ് മാനദണ്ഡം പാലിച്ചുനടന്ന യോഗത്തിൽ അനുമോദിച്ചു. യോഗം സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് ഉദ്‌ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ്, ജില്ല കമ്മറ്റി അംഗങ്ങളായ പി കെ ഷാജകുമാർ, അഡ്വ തോമസ് വി റ്റി, ലോക്കൽ സെക്രട്ടറി പി കെ രവികുമാർ എന്നിവർ പ്രസംഗിച്ചു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.