നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ടു സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തീർച്ചയായും ജനാധിപത്യത്തിൻ്റെ മഹത്വമുയർത്തുന്നതാണ്. ഇതോടൊപ്പം ആരും നിയമത്തിന് അതീതരല്ല എന്ന് തെളിയിച്ചിരിക്കുകകൂടിയാണ്.
കേസ് പിന്വലിക്കാനുള്ള സര്ക്കാര് നടപടികള് തെറ്റാണെന്നതടക്കം സര്ക്കാരിനെതിരേ കോടതി രൂക്ഷ വിമര്ശനം ഉന്നയിച്ചു. സഭയില് പൊതുമുതല് നശിപ്പിച്ച ശേഷം അത് സഭയിലെ അഭിപ്രായ സ്വാതന്ത്ര്യമെന്ന് പറഞ്ഞ് വ്യാഖ്യാനിക്കാന് സാധിക്കില്ല. അംഗങ്ങളുടെ നടപടി ഭരണഘടനാപരമായ നിയമങ്ങളെ മറികടക്കുന്നതാണ്. ഭരണഘടനയുടെ ആര്ട്ടിക്കിള് 194 പ്രകാരം നിയമസഭാംഗങ്ങള്ക്കുള്ള പ്രത്യേക നിയമപരിരക്ഷയുടെ സംരക്ഷണം അവകാശപ്പെടാന് കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രിവിലേജുകളും പരിരക്ഷയും ക്രിമിനല് നിയമത്തില് നിന്ന് ഒഴിവാക്കുന്നതിനുള്ള ഒരു മാര്ഗമല്ല, അത് പൗരന്മാരെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.
നിയമനിർമ്മാണ സഭയിൽ ഇരുന്ന് അക്രമം കാണിക്കുക, അതിനെ ന്യായീകരിക്കുക, പിന്നെ കേസിൽ നിന്നൊഴുവാകാൻ പൊതുപണം ദുർവ്യയം ചെയ്യുക. ഒരിക്കലും അംഗീകരിക്കാനാവാത്ത, ചെയ്യാൻ പാടില്ലാത്ത നടപടികളിലൂടെയാണ് നീങ്ങിയത്.
രാഷ്ട്രീയ കക്ഷികൾ പല ലക്ഷ്യങ്ങളോടെ സമരങ്ങൾ ചെയ്യാറുണ്ട്. അതിന് കോൺഗ്രസ് എന്നോ സി പി എം എന്നോ ബി ജെ പി യെന്നോ വേർതിരിവ് ഇല്ല. ഇങ്ങനെ സമരം ചെയ്യുന്ന രാഷ്ട്രീയ പ്രവർത്തകർ പൊതുമുതൽ നശിപ്പിച്ചാൽ അവർ കേസിൽപ്പെടുകയും നടപടികൾക്കു വിധേയരാകുകയും ചെയ്യാറുണ്ട്.
നിയമസഭയിൽ പോകുന്നവർ ജനങ്ങളുടെ പ്രതിനിധികളാണ്. അവർ മാതൃകാപരമായ പ്രവർത്തനങ്ങൾ തന്നെ ചെയ്യണം. അതാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അതിനാണ് ജയിപ്പിച്ചു വിടുന്നത്.
കുട്ടികൾക്കു മാതൃകയാവേണ്ടത് മുതിർന്നവരാണ്. നമ്മുടെ വിദ്യാഭ്യാസമന്ത്രിയായ ശ്രീ വി ശിവൻകുട്ടി കാണിച്ചു കൊടുത്ത മാതൃക അനുകരണീയമാണോ? പാർട്ടി നിയോഗിച്ച മന്ത്രി ആയതിനാൽ അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് തീർത്തും അപഹാസ്യമാണ്. ശിവൻകുട്ടിയെപോലുള്ളവർ മന്ത്രിമാരായി ഇരിക്കുന്നത് ജനത്തിനുവേണ്ടിയാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ കോടതിവിധിയുടെ പശ്ചാത്തലത്തിലും ധാർമ്മികതയുടെ പേരിലും ജനാധിപത്യത്തിൻ്റെ പേരിലും സ്ഥാനം ഒഴിയുകയാണ് കരണീയം. അത് ജനാധിപത്യത്തിൻ്റെ മഹത്വം ഒരിക്കൽക്കൂടി ഉയർത്തും. ഇനി അതല്ല, മന്ത്രിയായിട്ടിരിക്കേണ്ടതു ശിവൻകുട്ടിയുടേതോ അദ്ദേഹത്തിൻ്റെ ആളുകളുടേതോ മാത്രം ആവശ്യമാണ് എങ്കിൽ സ്ഥാനത്തു തുടരും. അത് ജനാധിപത്യവിരുദ്ധവും ശിവൻകുട്ടിക്ക് വോട്ടു നൽകിയവരോടുള്ള വഞ്ചനയുമാണ്. എവിടെയോ ട്രെയിൻ മറിഞ്ഞതിൻ്റെ പേരിൽ റെയിൽവേ മന്ത്രി സ്ഥാനം രാജിവച്ച മഹാന്മാർ നാടുഭരിച്ച നാടാണിതെന്ന് ശിവൻകുട്ടിയേപോലുള്ളവർ ഓർത്താൽ നല്ലത്. ശിവൻകുട്ടി മന്ത്രിയായിരുന്നാലേ കേരളത്തിൽ നേരം പുലരൂ എന്നൊന്നുമില്ല.
ഇക്കാര്യത്തിൽ സർക്കാർ വാശി പിടിക്കേണ്ട കാര്യവുമില്ല. ചെയ്തത് തെറ്റുതന്നെയാണ്. ശിവൻകുട്ടിയടക്കമുള്ളവർ ചെയ്താൽ അതു തെറ്റാവാതാവുന്നില്ല.
തീയിൽ കുരുത്തവരും ചോര ചാലുകൾ നീന്തിക്കയറിയവരും തൂക്കുമരത്തിൽ ഊഞ്ഞാൽ ആടിയവരും എന്തിന് കോടതി നടപടിയെ ഭയക്കുന്നു?
എബി ജെ ജോസ്
ചെയർമാൻ
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ, പാലാ - 686575
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.