Subscribe Us



രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് പാലാ നഗരസഭ; പൂച്ചെട്ടികൾ തകർത്ത സംഭവത്തിൽ പോലീസിൽ നൽകിയ പരാതി പിൻവലിച്ച നഗരസഭാ നടപടി വിവാദമാകുന്നു

പാലാ: പാലാ നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ മുടക്കി നഗരസഭാ സൗന്ദര്യവൽക്കരണത്തിനായി സ്ഥാപിച്ച പൂച്ചെട്ടികൾ തകർത്തതിനെതിരെ നഗരസഭ പോലീസിൽ നൽകിയ പരാതി നഗരസഭ തന്നെ പിൻവലിച്ച നടപടി വിവാദമാകുന്നു. പൂച്ചെട്ടികൾ തകർത്തതിനെതിരെ പാലാ പോലീസിൽ നഗരസഭ രേഖാമൂലം നൽകിയ പരാതിയാണ് നഗരസഭ പിൻവലിച്ചത്. പാലാ മഹാറാണി കവലയിലെ റൗണ്ടാനയിലും മറ്റുമായി സ്ഥാപിച്ചിരുന്ന 14 പൂച്ചട്ടികളാണ് നശിപ്പിക്കപ്പെട്ടത്.

പാലാ നഗരസഭ പൂച്ചെട്ടികൾ നശിപ്പിച്ചുവെന്ന് കാട്ടി പരാതി നൽകിയതായും പിന്നീട് പൊതുമുതൽ അല്ല സ്പോൺസർ ചെയ്തു കിട്ടിയ പൂച്ചെട്ടികളാണെന്നും പറഞ്ഞ് പരാതി പിൻവലിച്ചതായി പാലാ സി ഐ കെ പി ടോംസൺ സ്ഥിരീകരിച്ചു. പൂച്ചെട്ടികൾക്കു നഷ്ടപരിഹാരം ഈടാക്കിയെന്നു നഗരസഭ  പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു പരാതി പിൻവലിച്ചതായി കത്ത് നൽകി. ഇതോടെ നഷ്ടപരിഹാരം വാങ്ങിയതിൻ്റെ രേഖ ഹാജരാക്കിയ മേലുകാവ് സ്വദേശിയെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു. അതേസമയം പാലാ പോലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് പൊതുമുതൽ അല്ലാ എന്ന് സ്ഥാപിച്ചതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. സ്പോൺസർ ചെയ്തു നഗരസഭയ്ക്ക് ലഭിച്ചതാണെന്നവാദമുയർത്തുന്ന നഗരസഭ പൂച്ചെട്ടികൾ പൊതുമുതലിൻ്റെ പിരിധിയിൽ വരികയില്ലെന്ന വിചിത്രമായ വാദമാണ് പോലീസീനു മുന്നിൽ ഉയർത്തിയിരിക്കുന്നത്.

അതേസമയം കുര്യാക്കോസ് പടവൻ നഗരസഭാ ചെയർമാൻ ആയിരുന്ന കാലത്താണ് നഗരസഭാ സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി നഗരത്തിൽ പൂച്ചെട്ടികൾ സ്ഥാപിച്ചത്. പാലാ നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നും ആദ്യ വർഷം നാലര ലക്ഷത്തോളം രൂപ മുടക്കി നാനൂറോളം പൂച്ചട്ടികളാണ് സ്ഥാപിച്ചത്. പിന്നീട് ആയിരം പൂച്ചട്ടികളും സ്ഥാപിക്കുകയുണ്ടായി. ഇങ്ങനെ നഗരസഭാ പ്ലാൻ ഫണ്ടിൽനിന്നും ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പൂച്ചട്ടികളാണ് പൊതുമുതലല്ലാ എന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ച് പ്രതിയെ സംരക്ഷിക്കാൻ കൂട്ടുനിന്നത്. പൂച്ചട്ടി ഒന്നിന് ആയിരം രൂപാ കണക്കിന് പതിനാലായിരം രൂപയാണ് പ്രതിയിൽനിന്നും ഈ ടാക്കിയതെന്നു പറയപ്പെടുന്നു. ഇങ്ങനെ പിഴ നൽകിയാൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ടവർക്കു പോലും കേസിൽ നിന്ന് ഒഴിവാകാമായിരുന്നു. പരാതി പിൻവലിച്ച നടപടിയിലൂടെ രാജ്യത്തെ നിയമ വ്യവസ്ഥയെപ്പോലും പാലാ നഗരസഭ വെല്ലുവിളിച്ചിരിക്കുകയാണെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. 

പൂച്ചെട്ടികൾ തകർത്ത സംഭവത്തിൽ പോലീസിനു കത്തു നൽകിയെന്നു പറഞ്ഞു ബാക്കി കാര്യങ്ങൾക്ക് ഉത്തരവാദി പോലീസാണെന്നും നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം അറിയിച്ചു. നഗരസഭ നൽകിയ പരാതി പിൻവലിച്ച കാര്യം സെക്രട്ടറി വെളിപ്പെടുത്താതെ ഒഴിഞ്ഞു മാറുകയും ചെയ്തു.   

എന്നാൽ നഗരസഭയുടെ നടപടി തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ടു പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതിയെ സംരക്ഷിക്കാൻ കേസ് വളച്ചൊടിച്ച് ഇല്ലാതാക്കിയ പാലാ നഗരസഭയുടെ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിയെ രക്ഷിക്കാൻ കരുതിക്കൂട്ടി നഗരസഭ നടപടി സ്വീകരിച്ചുവെന്നാണ് ആരോപണം. പൊതുമുതൽ നശിപ്പിക്കുന്നത് ക്രിമിനൽ കുറ്റകൃത്യമാണെന്നിരിക്കെ പാലാ നഗരസഭ സ്വജനപക്ഷപാതം കാണിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നുള്ള പണമുപയോഗിച്ചു നടപ്പാക്കിയ പൂച്ചെട്ടികൾ തകർത്ത സംഭവത്തിൽ അടിയന്തിര നിയമനടപടികൾ സ്വീകരിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ സതീഷ് ചൊള്ളാനി ആവശ്യപ്പെട്ടു. 

പൊതുമുതൽ നശിപ്പിച്ചതിനെതിരെ പരാതി നൽകിയിട്ടും കുറ്റക്കാർക്ക് അനുകൂല നിലപാട് സ്വീകരിച്ച നഗരസഭ പാലാക്കാരോട് വഞ്ചന ചെയ്യുകയാണെന്ന് പൊതുപ്രവർത്തകനായ ടോണി തൈപ്പറമ്പിൽ കുറ്റപ്പെടുത്തി. ഇതിനെതിരെ മുഖ്യമന്ത്രിയടക്കം പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നഗരസഭാ കൗൺസിലിൻ്റെ തീരുമാനപ്രകാരമാണ് നഷ്ടപരിഹാരം ഈടാക്കിയതെന്നു ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു. പോലീസിൽ നൽകിയ പരാതി പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ചെടിച്ചട്ടികൾ നശിപ്പിക്കുന്നവരിൽ നിന്നും ചട്ടി ഒന്നിന് ആയിരം രൂപ വീതം ഈടക്കാൻ വ്യവസ്ഥയുണ്ടെന്നും ചെയർമാൻ പറഞ്ഞു. 

എന്നാൽ ചെടിച്ചട്ടി പൊട്ടിച്ചത് നഗരസഭയിൽ റിപ്പോർട്ട് ചെയ്താൽ ആയിരം രൂപയും റിപ്പോർട്ടു ചെയ്യാതെ കണ്ടുപിടിക്കപ്പെട്ടാൽ അയ്യായിരം രൂപയും ഈടാക്കണമെന്ന വ്യവസ്ഥയാണ് നഗരസഭയുടേതെന്നു അറിയുന്നു.  ഇതാകട്ടെ പൊതുമുതൽ നശിപ്പിച്ചാൽ സ്വീകരിക്കേണ്ട നിയമനടപടിയെ വെല്ലുവിളിക്കുന്ന തീരുമാനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതു സംബന്ധിച്ച വീഡിയോ ന്യൂസ് കാണാൻ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments