എത്ര കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടാവുമെന്ന് വിരമിച്ച ഒരു അധ്യാപകനോട് ചോദിച്ചാൽ എന്താവും ഉത്തരം ലഭിക്കുക? ഒരുപാട് പേരെ അല്ലെങ്കിൽ പഠിപ്പിച്ച വർഷത്തിനനുസരിച്ച് ഏഴായിരം അല്ലെങ്കിൽ പതിനായിരം എന്നൊക്കെയാവും ഉത്തരം.
എന്നാൽ എറണാകുളത്ത് സ്ഥിരതാമസമാക്കിയ പാലാ കൊഴുവനാൽ തെക്കേമുറി മോളി ടീച്ചറോട് ചോദിച്ചാലോ? നാം അത്ഭുതപ്പെടും. കാരണം താൻ പഠിപ്പിച്ച മുഴുവൻ കുട്ടികളുടെ എണ്ണവും ടീച്ചറിനറിയാം. 14,765 കുട്ടികളെ താൻ പഠിപ്പിച്ചിട്ടുണ്ടെന്ന് മോളി ടീച്ചർ കൃത്യമായി പറയും. കുട്ടികളുടെ പേരു ചോദിച്ചാൽ അതു പറയാനും ടീച്ചർ റെഡി. കുട്ടികളുടെയെല്ലാം പേരുകൾ ഡയറിയിൽ കുറിച്ചു സൂക്ഷിച്ചിരിക്കുകയാണ് ടീച്ചർ. ഗുരു ശിഷ്യസ്നേഹബന്ധത്തിൻ്റെ നേർസാക്ഷ്യമാകുകയാണ് മോളി ടീച്ചറിൻ്റെ ഡയറികൾ.
1977 ൽ അധ്യാപികയായതു മുതൽ 2006 ൽ വിരമിക്കന്നതു വരെ പഠിപ്പിച്ച എല്ലാ കുട്ടികളുടെയും പേരു വിവരങ്ങൾ ഡയറിയിൽ കുറിച്ചു വച്ചിട്ടുണ്ട്.
1977 ൽ കോട്ടയം മാർ സലീനാസ് ഹൈസ്കൂളിലാണ് ആദ്യം അധ്യാപികയായി ചേർന്നതെന്ന് മോളി ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അന്നു മുതൽ കുട്ടികളുടെ പേര് ഡയറിയിൽ എഴുതി വയ്ക്കാൻ തുടങ്ങി. അടുത്ത വർഷം എറണാകുളം പുല്ലേപ്പടിയിലെ സ്കൂളിലേയ്ക്കു മാറിയിപ്പോഴും ശീലം തുടർന്നു. 2006 ൽ പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും വിരമിച്ചു.
വിരമിച്ച ശേഷം വെറുതെ ഇരിക്കുന്ന സമയത്ത് പഴയ ഡയറികൾ വീണ്ടും വായിക്കുമായിരുന്നു. അങ്ങനെ ഒരു കൗതുകത്തിനു വേണ്ടി പഴയ ഡയറികളിലെ എല്ലാ കുട്ടികളുടെയും പേരുകൾ എണ്ണി നോക്കി. അപ്പോഴാണ് 14,765 പേരെ പഠിപ്പിച്ചുവെന്നു മനസിലാക്കിയത്. നടൻ വിഷ്ണു ഉണ്ണികൃഷ്ണനടക്കമുള്ളവർ ടീച്ചറിൻ്റെ ശിഷ്യരാണ്.
കാനറാ ബാങ്കിൽ നിന്നും സീനിയർ മാനേജരായി വിരമിച്ച ഭർത്താവ് മഞ്ഞാമറ്റം മറ്റം പോത്തനാമലയിൽ പി ജെ ജോസഫിനൊപ്പം ഇപ്പോൾ കാക്കനാട്ടാണ് താമസം. മക്കൾ മൂന്നു പേരും വിദേശത്താണ്. ടീച്ചറെ കാണാൻ ഇടയ്ക്കു വീട്ടിലെത്തുന്ന പൂർവ്വ വിദ്യാർത്ഥികൾക്കു പഴയ ഡയറിത്താളുകളിൽ തങ്ങളുടെ പേരു കാന്നുന്നതിൻ്റെ സന്തോഷമേറെയാണെന്നും മോളി ടീച്ചർ പറയുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.