Subscribe Us



ഭീകരതയ്ക്കും അക്രമത്തിനുമെതിരെ ഗാന്ധിയൻ മാർഗ്ഗത്തിൽ പ്രതിരോധമുയർത്തണം: മാണി സി കാപ്പൻ

പാലാ: വർദ്ധിച്ചു വരുന്ന ഭീകരതയ്ക്കും അക്രമത്തിനുമെതിരെ ഗാന്ധിയൻ മാർഗ്ഗത്തിൽ പ്രതിരോധമുയർത്തണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. ഗാന്ധിജയന്തിയോടനുബന്ധിച്ചു ഭീകരതയ്ക്കും അക്രമത്തിനുമെതിരെ സമൂഹ മന:സാക്ഷി ഉയർത്താൻ കൊച്ചിടപ്പാടിയിലെ ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ദീപം തെളിയ്ക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ഗാന്ധിയൻ ദർശനങ്ങൾക്കു അനുദിനം പ്രസക്തി വർദ്ധിച്ചുവരികയാണ്. വിദ്യാർത്ഥികളും യുവാക്കളും ഈ ദൗത്യം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ ഏകോപിക്കുന്ന ശക്തിയാണ് ഗാന്ധിജിയുടെ നാമമെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.


അഹിംസ ആചരിക്കുക എന്നത് ദൗർബല്യമല്ല ശക്തിയാണെന്ന വലിയ പാഠമാണ് ഗാന്ധിജി ലോകത്തിന് പകർന്നു നൽകിയത്. എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശമെന്ന് പറഞ്ഞു ലോകത്തിനു പ്രചോദമേകാൻ ഗാന്ധിജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂവെന്നും എം എൽ എ ചൂണ്ടിക്കാട്ടി. എസ് എം വൈ എം ഡയറക്ടർ ഫാ സിറിൾ തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി. ഭീകരതയ്ക്കും അക്രമത്തിനുമെതിരെ യുവജനത ഗാന്ധിയൻ മാർഗ്ഗത്തിൽ പോരാടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. 

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ സിജി ടോണി, സാബു എബ്രാഹം, സാംജി പഴേപറമ്പിൽ, എസ് എം വൈ എം പ്രസിഡൻ്റ് അഡ്വ സാം സണ്ണി, ജനറൽ സെക്രട്ടറി കെവിൻ മൂങ്ങാമാക്കൽ, സിൻഡിക്കേറ്റ് മെമ്പർ നിഖിൽ ഫ്രാൻസിസ്, റ്റിയ ടെസ്സ് ജോർജ്, പാലാ ഫൊറോനാ പ്രസിഡൻ്റ് അൻവിൻ സോണി, റ്റിൻസി ബാബു, സമിതിയംഗം ആൽഫിൻ ടോം എന്നിവർ പ്രസംഗിച്ചു.  സിന്ധു ബി മറ്റം, ലിയ മരിയ, ദിയ ആൻ, ഇവാന എൽസ, ജോസഫ് കുര്യൻ, കാതറീൻ റെബേക്ക എന്നിവർ നേതൃത്വം നൽകി. തുടർന്നു ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.  മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ, എസ് എം വൈ എം പാലാ രൂപതാ സമിതി, ബി എം ടിവി എന്നിവയുടെ നേതൃത്വത്തിലാണ് ദീപം തെളിയ്ക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

Post a Comment

0 Comments