പാലാ: പൈകയിൽ കുറുവാ സംഘം എത്തിയെന്ന സംശയത്തിനു അടിസ്ഥാനമില്ലെന്നു അന്വേഷണത്തിൽ വ്യക്തമായി.
പൈകയിലെ പ്രിയാ ഹോട്ടലുടമയുടെ വീടിൻ്റെ സമീപം കഴിഞ്ഞ ദിവസം രാത്രി മോഷണസംഘം എത്തിയതായി സംശയിക്കുകയും വീടിനു പുറത്ത് കുട്ടികളുടെ ശബ്ദങ്ങൾ പോലെ കേട്ട് വീട്ടുകാർ ബഹളം വെച്ചപ്പോൾ എത്തിയെന്നു സംശയിക്കുന്ന കള്ളന്മാർ പോയെന്നു കരുതുകയുമായിരുവെന്നു പറയപ്പെടുന്നു.
അതിരമ്പുഴയിലടക്കം കുറുവാ സംഘം എത്തിയതായി വാർത്ത പുറത്തുവന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കുറുവാ സംഘം പൈകയിലും എത്തിയെന്ന സംശയം വ്യാപകമായത്.
സാധാരണ റെയിൽവേ ലൈൻ കടന്നുപോകുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കുറുവാ സംഘം മോഷണത്തിനിറങ്ങാറുള്ളതെന്നതിനാൽ നാട്ടിലെ സ്ഥിരം മോഷ്ടാക്കളുടെ വേലയാണോ എന്ന സംശയം ഉയർന്നിരുന്നു. ഇക്കാര്യം 'പാലാ ടൈംസ്' റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേസമയം പ്രചാരണം ആശങ്കയിൽ നിന്നും ഉടലെടുത്തതാണെന്നും പ്രചരിക്കുന്ന വീഡിയോ പഴയതാണെന്നും ചിലർ സംശയം പ്രകടിപ്പിച്ചു. ഇതേത്തുടർന്നു നടന്ന അന്വേഷണത്തിൽ ലഭിച്ച കഴിഞ്ഞ ആഗസ്റ്റ് 18 റിക്കോർഡ് ചെയ്യപ്പെട്ട വീഡിയോ ആണെന്നു കണ്ടെത്തുകയായിരുന്നു.
എങ്കിലും രാത്രി കാലങ്ങളിൽ അസാധാരണ ശബ്ദങ്ങൾ കേൾക്കുകയോ മറ്റ് മറ്റെന്ത് സംഭവങ്ങൾ ഉണ്ടായാലും ആരും പുറത്തിറങ്ങരുതെന്നും ഇവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സമീപവാസികളെയും പോലീസിനെയും ഉടനടി ഫോണിൽ വിവരമറിയിക്കണമെന്നും നിർദ്ദേശമുണ്ട്. കുട്ടികളുടെ കരച്ചിൽ, പൈപ്പിലൂടെ വെള്ളം തുറന്നു വിട്ട സ്വരം, വളർത്തു ജീവികളുടെ കരച്ചിൽ മുതലായവ കേട്ടാൽ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും പോലീസിൻ്റെ വിവിധ അറിയിപ്പുള്ളിൽ പറയുന്നു.
പത്രാധിപക്കുറിപ്പ്
വിവരം ലഭിച്ചയുടൻ രാത്രിയായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ വേണ്ടിയാണ് ലഭ്യമായ വാർത്തയും വീഡിയോയും പ്രസിദ്ധീകരിക്കാനിടയായത്.
എങ്കിലും തുടർ അന്വേഷണം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ ലഭ്യമായ പരമാവധി വിവരം അനുസരിച്ചു പരമാവധി കൃത്യമായ വിവരം ആണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. നേരത്തെ നൽകിയ വാർത്ത ജാഗ്രത പാലിക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടതാണ്. വാർത്തയുടെ പേരിൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ ഖേദിക്കുന്നു. ലഭ്യമായ വീഡിയോയിലെ തിയതിയുള്ള ഭാഗം ഇതോടൊപ്പം ചേർക്കുന്നു. ആശങ്ക ഒഴിവാക്കി ജാഗ്രത തുടരാൻ അഭ്യർത്ഥിക്കുന്നു.
എബി ജെ ജോസ്
ചീഫ് എഡിറ്റർ
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.