പാലാ: പാലാ പൊലീസ് പക്ഷപാതത്തോടെ പെരുമാറുന്നു എന്ന ആരോപണവുമായി സൂര്യാ ആർ നായർ രാപകൽ നിരാഹാര സത്യഗ്രഹ സമരത്തിന് തയ്യാറെടുക്കുന്നു. കെ പി സി സി മുൻ പ്രസിഡൻ്റും മുൻ ഗവർണറുമായിരുന്ന പ്രൊഫ കെ എം ചാണ്ടിയുടെ കൊച്ചുമകൻ സഞ്ജയ് സക്കറിയാസിൻ്റെ ഭാര്യ സൂര്യ ആർ നായരാണ് പരസ്യ പ്രതിഷേധവുമായി സത്യഗ്രഹ സമരം നടത്തുന്നത്. ഡിസംബർ 11 നു ശനിയാഴ്ച രാപകൽ സമരത്തിന് തുടക്കം കുറിക്കും. പാലാ കുരിശുപള്ളി ജംഗ്ഷനിൽ നടത്തുന്ന സമരം കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് എം പി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുക്കും. 11 രാവിലെ ആരംഭിക്കുന്ന സത്യഗ്രഹ സമരം 12 നു രാവിലെ സമാപിക്കും.
സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്കും കുട്ടികൾക്കുമെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നു സൂര്യ പറയുന്നു. കേരളാ കോൺഗ്രസ് എം പാർട്ടിയുമായി ബന്ധപ്പെട്ട 17 പേർക്കെതിരെയാണ് പരാതി നൽകിയതെന്നും സൂര്യ വ്യക്തമാക്കി. അതേസമയം തൻ്റെ ഭർത്താവ് സഞ്ജയ് സക്കറിയാസിനെ കേരളാ കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് നൽകിയ പരാതിയെത്തുടർന്നു പോലീസ് കേസെടുത്ത് ജയിലിലടച്ചിരുന്നു.
എന്നാൽ താൻ കൊടുത്ത പരാതി പരിഗണിക്കാൻ പോലും പാലായിലെ പോലീസ് തയ്യാറായിട്ടില്ല. ഇത് അനീതിയാണെന്നും സൂര്യ വ്യക്തമാക്കി. പരാതി കൊടുത്തിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് പാർട്ടിയുടെ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷിൻ്റെ നേതൃത്വത്തിലാണ് സത്യഗ്രഹ സമരം. നിയമാനുസൃത നടപടി കുറ്റക്കാർക്കെതിരെ സ്വീകരിച്ചില്ലെങ്കിൽ സമരം വ്യാപിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.