ന്യൂഡൽഹി: മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള 2020ലെ ദേശീയ പുരസ്‌കാരം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അയർക്കുന്നം പഞ്ചായത്തിൽ ജൂനിയർ സൂപ്രണ്ട് രശ്മി അനിലിന് സമ്മാനിച്ചു.
രശ്മി അൽഫോൻസാ കോളജ് വിദ്യാർത്ഥിനിയായിരിക്കുമ്പോൾ സോഷ്യോളജിയിൽ രണ്ടാം റാങ്ക് നേടിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത്, മുത്തോലി, എരുമേലി, കടനാട്, തലപ്പലം, പള്ളിക്കത്തോട് തുടങ്ങിയ പഞ്ചായത്തുകളിലും ജോലി ചെയ്തിട്ടുണ്ട്. ജില്ലാ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ന്യുമോണിയ ബാധിച്ചു മൂന്നാം വയസ്സിൽ സംസാരശേഷിയും കേൾവിശക്തിയും നഷ്ടപ്പെട്ട രശ്മി മോഹൻ ഇച്ഛാശക്തികൊണ്ട് ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച വ്യക്തിയാണ്. ഏറെ ചികിത്സയ്ക്ക് ശേഷം സംസാരശേഷി തിരിച്ചുകിട്ടിയെങ്കിലും കേൾവിശക്തി മടക്കി ലഭിച്ചില്ല. എന്നിരുന്നാലും ഒന്നാം ക്ലാസ്സുമുതൽ സാധാരണ കുട്ടികൾക്കൊപ്പം പഠിച്ച രശ്മി എസ്.എസ്.എൽ.സി യും പ്രീഡിഗ്രിയും ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ കോഴ്സും ഫസ്റ്റ് ക്ലാസിലാണ് പാസ്സായത്. സോഷ്യോളജി ബിരുദ പരീക്ഷയിൽ ഒറ്റമാർക്കിനാണ് ഒന്നാംറാങ്ക് നഷ്ടപ്പെട്ടത്.മീനച്ചൽ താലൂക്ക് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റിയിൽ ക്ലാർക്ക് ട്രെയിനിയായിരുന്ന രശ്മി ഇരുപത്തിരണ്ടാം വയസ്സിൽ മുത്തോലി ഗ്രാമപഞ്ചായത്തിൽ എൽ. ഡി ക്ലാർക്കായി സർക്കാർ സർവ്വീസിൽ പ്രവേശിച്ചു.
ഭിന്നശേഷിക്കാരിയെന്ന പരിമിതികൾ മറികടന്നാണ് രശ്മി പഞ്ചായത്ത് വകുപ്പിലെ മികച്ച ഉദ്യോഗസ്ഥ ആയി മാറിയത്. സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ പുരസ്‌കാരം 2016ൽ രശ്മിയെ തേടിയെത്തി. കേരളത്തിലെ ബധിര വനിതകളുടെ സംഘടനയായ ഡെഫ് വുമൺസ് ഫോറം സംസ്ഥാന പ്രസിഡന്റ്, ബധിര ഗവണ്മെന്റ് ജീവനക്കാരുടെ സ്വതന്ത്ര സംഘടനയായ ഡെഫ് എംപ്ലോയീസ് ഫോറം കേരളയുടെ സംസ്ഥാന കോ ഓർഡിനേറ്റർ, കോട്ടയം ജില്ലാ അസോസിയേഷൻ ഓഫ് ഡെഫ് ജില്ലാ എക്സക്യൂട്ടീവ് അംഗം, കോട്ടയം ഡെഫ് വിമൻസ് ഫോറം ചെയർപേഴ്സൺ എന്നീ നിലകളിലും രശ്മി പ്രവർത്തിച്ചുവരുന്നു. പഞ്ചായത്ത് ജീവനക്കാർക്ക് വേണ്ടിയുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ മുൻനിരയിലും രശ്മി യുടെ സാന്നിധ്യം ഉണ്ട്. 2021 ഫെബ്രുവരി 5ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഭിന്നശേഷി മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ച യോഗത്തിൽ പ്രത്യേക ക്ഷണിതാവുമായിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.