തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ച നിയമസഭയില്‍ അനുവദിക്കാതെ സിപിഎം അനുഭാവികളായവരുമായി വിവിധ ജില്ലകളില്‍ വിശദീകരണ ചര്‍ച്ച നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭയെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.
നിത്യച്ചിലവിനുപോലും വായ്പയെടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ രണ്ടുലക്ഷം കോടി രൂപ ചിലവു വരുന്ന സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിയെ സംബന്ധിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യാതെ തെരുവില്‍ ചര്‍ച്ച ചെയ്യാന്‍ മുതിരുന്നത് ജനപ്രതിനിധികളെയും ജനങ്ങളെയും അപമാനിക്കുന്നതിനു തുല്യമാണ്. വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) ആദ്യം ചര്‍ച്ച ചെയ്യേണ്ടത് നിയമസഭയിലായിരിക്കണം. അലൈന്‍മെന്റ് നിശ്ചയിക്കാതെയും ഡി.പി.ആര്‍ പുറത്തുവിടാതെയും സ്ഥലം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങള്‍ക്കും ഏറ്റെടുക്കുന്ന ഭൂമി കാട്ടി വായ്പയെടുക്കുന്നതിനും വേണ്ടിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനെതിരായ ഹൈക്കോടതി വിധിയെ മറികടക്കാന്‍ കുറുക്കുവഴികള്‍ തേടുന്ന സര്‍ക്കാര്‍, കോടതിയേയും അപമാനിക്കുകയാണ്.
സംസ്ഥാനത്തിനു പ്രയോജനകരമല്ലാത്ത പദ്ധതിയാണെന്ന് പൊതുവേ വിലയിരുത്തപ്പെട്ടിട്ടും, വന്‍ സാമ്പത്തിക-സാമൂഹ്യ-പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതിയാണെന്ന് ബോധ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അനാവശ്യ വാശി കാട്ടുകയാണ്. എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കു പോലും ബോധ്യം വരാത്ത മുഖ്യമന്ത്രിയുടെ വിശദീകരണം ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. കേരളത്തിനു വന്‍ സാമ്പത്തിക ദുരന്തമായി മാറിയേക്കാവുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കെതിരായി സംസ്ഥാന വ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങളെയും വിദഗ്ദ അഭിപ്രായങ്ങളേയും ആക്ഷേപിക്കുകയും വികസന വിരോധികളെന്ന്‍ മുദ്രകുത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഏകാധിപതിയുടെ സ്വരമാണെന്നും ദേവരാജന്‍ ആരോപിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.