പാലാ: മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ പാലാ ബൈപാസിലെ കുപ്പി കഴുത്ത് പ്രശ്നത്തിനു ശ്വാശ്വത പരിഹാരമായി. ബൈപാസ് പൂർത്തീകരണത്തിൻ്റെ ഭാഗമായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിലനിന്നിരുന്ന കെട്ടിടങ്ങളും മണ്ണും ഇന്നലെ (30/12/2021) വൈകിട്ടോടെ നീക്കി. ഇതോടെ ഈ ഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടു. പഴയ റോഡിൻ്റെയും ഏറ്റെടുത്ത സ്ഥലത്തിൻ്റെയും നടുവിൽ നിൽക്കുന്ന വൈദ്യുതി തൂണുകൾ മാറ്റി ടാറിംഗ് നടത്തുന്നതോടെ ഇവിടം ഗതാഗതത്തിനു പൂർണ്ണ സജ്ജമാകും.
2020 മാർച്ച് 5 ന് മാണി സി കാപ്പൻ വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഓഗസ്റ്റിൽ ഇതിനാവശ്യമായ 10 കോടി10 ലക്ഷം രൂപാ സർക്കാർ അനുവദിച്ചു. 2020 സെപ്തംബറിൽ കളക്ടറുടെ അക്കൗണ്ടിൽ എത്തി. എന്നാൽ ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്ന് അന്നത്തെ ജില്ലാ കളക്ടർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നവംബർ 17ന് ട്രഷറി ഡയറക്ടർ അനുമതി നൽകി. വീണ്ടും നൂലാമാലകളിൽപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ആർ ആർ പാക്കേജ് ബാധകമാണോയെന്ന് കളക്ടർ ലാൻ്റ് റവന്യൂ കമ്മീഷണറോട് ആരായുകയും കമ്മീഷണർ അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം തേടാൻ കളക്ടർക്കു നിർദ്ദേശം നൽകുകയും ചെയ്തു.
2020 ഡിസംബർ 11 ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ആർ ആർ പാക്കേജിന് അർഹതയില്ല എന്ന് നിയമോപദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഡിസംബർ 18 നു അനുമതിക്കായി ലാൻ്റ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചു. 2021 ജനുവരി ഒന്നിന് ലാൻ്റ് റവന്യൂ കമ്മീഷണർ ഉത്തരവ് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം പാസ്സാക്കിയതായി സ്ഥലമുടമകളെ അറിയിക്കുകയും ചെയ്തു.
കുപ്പികഴുത്ത് പ്രശ്നം പരിഹരിച്ചതിൽ ചാരിതാർത്ഥ്യം:
മാണി സി കാപ്പൻ
പാലാ: പാലാ ബൈപാസിലെ കുപ്പി കഴുത്ത് പ്രശ്നത്തിനു ശ്വാശ്വത പരിഹാരം കാണാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കെ എം മാണിയുടെ കാലത്ത് ബൈപാസ് യാഥാർത്ഥ്യമായെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ പ്രധാന പ്രശ്നത്തിനു പരിഹാരം കാണാൻ സാധിച്ചു. ബൈപാസിൻ്റെ ബാക്കിയുള്ള നവീകരണ പ്രവർത്തനങ്ങൾക്കു നടപടി സ്വീകരിക്കും.
കഴിഞ്ഞ ഇടതുസർക്കാരിൻ്റെ കാലത്ത് പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പിന്തുണ നൽകി ആവശ്യമായ തുക ലഭ്യമാക്കുകയുണ്ടായി. ബൈപാസിലെ കുപ്പികഴുത്ത് പ്രശ്നം പരിഹരിക്കാൻ പിന്തുണ നൽകിയവർക്കു മാണി സി കാപ്പൻ നന്ദി രേഖപ്പെടുത്തി. പാലായുടെ വികസനമാണ് ലക്ഷ്യം. ഇതിനു ആരു പിന്തുണ നൽകിയാലും സ്വാഗതം ചെയ്യും. വികസനത്തിൽ രാഷ്ട്രീയം കലർത്തുന്നതിനോട് യോജിപ്പില്ലെന്നും എം എൽ എ വ്യക്തമാക്കി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.