Subscribe Us



ഡ്രൈവർ മദ്യപിച്ചു ബസ് ഓടിച്ചെന്നു നാട്ടുകാർ; പോലീസ് എത്തും മുമ്പ് ഡ്രൈവർ ബസ് ഉപേക്ഷിച്ചു കടന്നു

ബൈക്ക് യാത്രികനോട് കയർക്കുന്ന ബസ് ഡ്രൈവർ

പാലാ: സ്വകാര്യ ബസ് ഡ്രൈവർ മദ്യപിച്ചു വാഹനമോടിക്കുന്നുവെന്നാരോപിച്ചു നാട്ടുകാർ ബസ് തടഞ്ഞതോടെ ആരോപണ വിധേയനായ ഡ്രൈവർ ബസ് ഉപേക്ഷിച്ചു മറ്റൊരു ബസിൽ കയറി രക്ഷപെട്ടു. 

ഇന്ന് ( 31/12/2022) വൈകിട്ട് 7.30തോടെ കൊട്ടാരമറ്റത്താണ് സംഭവം. കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന എം ആൻ്റ് എം റോഡ് ലൈൻസ് എന്ന സ്വകാര്യ ബസ് കൊട്ടാരമറ്റത്ത് വഴിയരികിലുള്ള തട്ടുകടയുടെ കമ്പിയിൽ തട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അവിടെ ഉണ്ടായിരുന്ന ബൈക്ക് യാത്രികൻ തന്നെ വാഹനത്തെ ഇടിക്കാൻ ബസ് വന്നുവെന്നാരോപിച്ചു കണ്ടക്ടറോട് തർക്കിച്ചതു കേട്ട് ഇറങ്ങി വന്ന ഡ്രൈവർ ചൂടാകുകയായിരുന്നു. ഇതോടെ നാട്ടുകാർ ഓടികൂടി. തുടർന്നു ചിലർ ഡ്രൈവർ മദ്യപിച്ചുവെന്നു ആരോപണം ഉന്നയിക്കുകയായിരുന്നു. ഇതേത്തുടർന്നു നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതറിഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ബസ് ജീവനക്കാർ മറ്റൊരു ബസിൽ കയറ്റിവിട്ടു ഡ്രൈവറെ രക്ഷപെടുത്തുകയായിരുന്നു. 
പോലീസും മോട്ടോർ വാഹന അധികൃതരും എത്തിയപ്പോഴേയ്ക്കും ഡ്രൈവർ രക്ഷപ്പെട്ടു. തുടർന്ന് എസ് ഐ ഷാജി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ  പോലീസ് ഡ്രൈവർ ഉപേക്ഷിച്ചു പോയ ബസ് സ്റ്റേഷനിലേയ്ക്കു മാറ്റി. വാഹനം വഴിയിലുപേക്ഷിച്ചു ഗതാഗത തടസ്സം സൃഷ്ടിച്ചതിനു പോലീസ് കേസെടുത്തു. കണ്ടക്ടറോട് സ്റ്റേഷനിലെത്താനും നിർദ്ദേശം നൽകി. മോട്ടോർ വാഹന വകുപ്പ് അധികൃതരും രേഖകൾ ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments