Subscribe Us



ലഹരികടത്ത് : സംഘടിത ആസൂത്രിതശ്രമെന്ന് സുരേഷ് ഗോപി എം പി

പാലാ: നമ്മുടെ രാജ്യത്തെ ശിഥിലമാക്കാനും രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയിലെ കരുത്തരായ യുവജനങ്ങളുടെ കര്‍മ്മശേഷിയെ തകര്‍ക്കുന്നതിനും വേണ്ടി ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തുന്ന സംഘടിത ലഹരി കടത്തിനും ഉപയോഗത്തിനുമെതിരെ ജനങ്ങള്‍ ജാഗരൂകരാകണമെന്ന് സുരേഷ് ഗോപി എം. പി. ആവശ്യപ്പെട്ടു.

പാലാ ജനമൈത്രി പോലീസ്, സന്മനസ്സ് കൂട്ടായ്മ എന്നിവയുടെ സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ ചികിത്സാ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.  

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മദ്യം - മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സമൂഹമനഃസാക്ഷി ഉണര്‍ത്തുന്നതിന് സര്‍ക്കാരുമായി യോജിച്ച് കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുവേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായി മുന്നേറ്റത്തിന് മുന്‍പന്തിയില്‍ നിന്ന് പോരാടുവാന്‍ യുവാക്കളോടൊപ്പം നില്‍ക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി ബോധവല്‍ക്കരണം നടത്തുന്നതോടൊപ്പം ലഹരിക്ക് അടിമപ്പെട്ടവര്‍ക്കായി 'ഡി അഡിക്ഷന്‍ സെന്‍ററുകള്‍' വ്യാപകമായി തുറക്കുന്നതിന് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യം - മയക്കുമരുന്ന് വിപത്തിനെതിരെ സന്ദേശവാഹകനാകുവാന്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചികിത്സാ പദ്ധതിയിലേയ്ക്ക് സുരേഷ് ഗോപി എം. പി. യുടെ വക 50000 രൂപ അദ്ദേഹം പാലാ ഡി.വൈ.എസ്. പി. ക്ക് കൈമാറി.

ജോസ് പാറേക്കാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ്, എസ്.എച്ച്. ഒ. കെ. പി. തോംസണ്‍, സിനിമാ സംവിധായകന്‍ എ. കെ. സാജന്‍, ബിജു പുളിക്കക്കണ്ടം, ആര്‍. സുദേവ്, പ്രഭു കെ. ശിവറാം, വില്‍സണ്‍ വടകര,  ത്രേസ്യാമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു. സന്മനസ്സ് ജോര്‍ജ് സ്വാഗതവും, രതീഷ് പച്ചാത്തോട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments