Subscribe Us



തങ്കപ്പന് ആശ്രയമേകി മരിയസദനം

പാലാ: പുതുവത്സരത്തിൽ ഒരാൾക്കുകൂടി മരിയസദനം ആശാകേന്ദ്രമായി. പൈകയിലെ ഗവൺമെൻ്റാശുപത്രിക്കു സമീപം വെയിറ്റിംഗ് ഷെഡിൽ കിടക്കുകയായിരുന്ന അറുപതുകാരനായ തങ്കപ്പനാണ് മരിയസദനം ആശ്രയമാകുന്നത്. തങ്കപ്പൻ്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട മാണി സി കാപ്പൻ എം എൽ എ മരിയസദനം സന്തോഷിനെ അറിയിക്കുകയായിരുന്നു. തുടർന്നു പഞ്ചായത്ത് മെമ്പർമാരായ സോജൻ തൊടുകയിൽ, സാജോ പൂവത്താനി എന്നിവരുടെ നേതൃത്വത്തിൽ തങ്കപ്പനെ ഏറ്റെടുക്കുകയായിരുന്നു.
രോഗാസ്ഥയിൽ കഴിഞ്ഞിരുന്ന ഇയാളെ ഓട്ടോ ഡ്രൈവർമാരായ വിനോദ് എം ടി, മോഹനൻ പാറയിൽ  എന്നിവരായിരുന്നു പരിചരിച്ചുപോന്നിരുന്നത്.

24 വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച മരിയസദനത്തിൽ മനോരോഗികളായ സ്ത്രീകൾ, പുരുഷന്മാർ, അവരുടെ കുട്ടികൾ, ഇവരെ പരിചരിക്കുന്ന സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ 420 പേർ  താമസിക്കുന്നുണ്ട്. ഇതിൽ എപ്പോഴും പരിചരണം ആവശ്യമായ 25 കിടപ്പുരോഗികൾ, 20 അംഗ പരിമിതർ, 67 വയോജനങ്ങൾ, 44 മാനസിക വൈകല്യം ബാധിച്ചവർ, 42 ലഹരിചികിത്സ രോഗികൾ, മറ്റു അനാഥരായ മാനസിക രോഗികൾ തുടങ്ങിയവരും ഇക്കൂട്ടത്തിൽപ്പെടുന്നു. സ്ഥലപരിമിതിയും സാമ്പത്തിക ബുദ്ധിമുട്ടുംമൂലം സ്ഥാപനം ബുദ്ധിമുട്ടിലാണെങ്കിലും തങ്കപ്പൻ്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഏറ്റെടുക്കുകയായിരുന്നുവെന്ന് ഡയറക്ടർ സന്തോഷ് മരിയസദനം പറഞ്ഞു.

Post a Comment

0 Comments