തിരുവനന്തപുരം: പരസ്യമായി എതിര്‍പ്പ് അഭിനയിച്ചും രഹസ്യമായി കൊടുക്കല്‍ വാങ്ങല്‍ നടത്തിയും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളെ പരിഹസിക്കുകയാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.
കണ്ണൂര്‍ വിസി നിയമനം, ലോകായുക്താ ഭേദഗതി, നയപ്രഖ്യാപനം, ഗവര്‍ണ്ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം, പൊതു ഭരണ സെക്രട്ടറിയുടെ സ്ഥാനമാറ്റം എന്നീ വിഷയങ്ങളിലെല്ലാം ഇരുവരും അഭിനയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അനുരഞ്ജന സന്ദര്‍ശനങ്ങളും തുടര്‍ നടപടികളും മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയായിട്ടാണ് ജനങ്ങള്‍ക്ക് തോന്നുന്നത്.
സര്‍ക്കാരിന്‍റെ നയപ്രഖ്യാപനം നിയമസഭയില്‍ വായിക്കുവാന്‍ ഭരണഘടനാ ബാധ്യതയുള്ള ഗവര്‍ണ്ണര്‍, അതൃപ്തിയുണ്ടെങ്കിലും ആ കടമ നിര്‍വഹിക്കുമെന്നറിയാമായിരുന്ന മുഖ്യമന്ത്രി, ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ട നിയമനവും പുറത്താക്കലും നടത്തിക്കൊടുത്തത് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അമിതാധികാരമുണ്ടെന്നു വിശ്വസിക്കുന്ന ഗവര്‍ണ്ണറും ഭൂരിപക്ഷമുള്ളതിനാല്‍ നിയമസഭയേയും മുന്നണിയേയും പാര്‍ട്ടിയേയും കണക്കിലെടുക്കേണ്ടെന്നു കരുതുന്ന മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലും ജനാധിപത്യ സംവിധാനങ്ങളിലും അപകടകരവും അനഭിലഷണീയവുമായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.