തിരുവനന്തപുരം: ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന ഹൈക്കോടതി വിധി ജനാധിപത്യ കീഴ് വഴക്കങ്ങൾക്കു നിരക്കുന്നതല്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ അഭിപ്രായപ്പെട്ടു.
സംഘം ചേരാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം എല്ലാവര്‍ക്കുമുള്ളതാണ്. തൊഴിലാളികളുടെയും ജീവനക്കാരുടെയും നിലനില്‍പ്പ് തന്നെ അപകടത്തിലാകുമ്പോള്‍ അവസാന ആയുധമായ പണിമുടക്കിന് അവര്‍ നിര്‍ബന്ധിതരായിത്തീരും. എതിരഭിപ്രായങ്ങള്‍ കൂടി കേള്‍ക്കുമ്പോള്‍ മാത്രമേ ജനാധിപത്യം സാര്‍ത്ഥകമാകൂവെന്ന് കോടതികളും തിരിച്ചറിയണം. അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ് പൊതുപണിമുടക്ക്. പണിമുടക്കിന് ആഹ്വാനം ചെയ്ത തൊഴിലാളി സംഘടനകളോട് ചര്‍ച്ചയ്ക്കു തയ്യാറാകണമെന്ന് സര്‍ക്കാരിനോട് ഒരു കോടതിയും ചോദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ദേവരാജൻ ചോദിച്ചു.
സര്‍ക്കാരിന്‍റെ സ്വകാര്യവല്‍ക്കരണനയം മൂലം സര്‍ക്കാര്‍ ജീവനക്കാരായി സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ ക്രമേണ സ്വകാര്യ ജീവനക്കാരോ താത്ക്കാലിക ജീവനക്കാരോ ആയി മാറുകയാണ്. പുറംകരാര്‍ ജോലികളും കരാര്‍ ജോലികളും വര്‍ദ്ധിക്കുമ്പോള്‍ അവശ്യം വേണ്ടുന്ന തൊഴില്‍ സുരക്ഷ പോലും നിഷേധിക്കപ്പെടുകയാണ്. സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് കെട്ടിയുയര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങളും സൈന്യത്തിനു വേണ്ടി ആയുധങ്ങളുണ്ടാക്കുന്ന സര്‍ക്കാര്‍ ആയുധ നിര്‍മ്മാണശാലകളും കല്‍ക്കരിപ്പാടങ്ങളും സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ തൊഴിലാളികള്‍ സമരം ചെയ്യരുതെന്ന് പറയുന്നത് നീതീകരിയ്ക്കാനാവുന്നതല്ല.
സമരം ചെയ്ത് നേടിയെടുത്ത തൊഴില്‍ നിയമങ്ങള്‍ സ്വദേശ-വിദേശ കുത്തകകള്‍ക്കു വേണ്ടി കോഡുകളാക്കി ചുരുക്കുമ്പോള്‍ തൊഴിലാളികള്‍ പ്രതികരിക്കരുത് എന്ന് പറയുന്നതു നിയമ വിരുദ്ധവുമാണ്. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യം സ്ഥാപിക്കുവാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ അതിനു സഹായകരമായ നിലപാടുകള്‍ കോടതികള്‍ സ്വീകരിക്കരുതെന്നും ദേവരാജന്‍ അഭ്യര്‍ത്ഥിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.