Subscribe Us



ഇന്ന് ഹാജരാകണമെന്ന് പി സി ജോർജിനു വീണ്ടും പോലീസിൻ്റെ കത്ത്; അസൗകര്യം ചൂണ്ടിക്കാട്ടി ജോർജ് തൃക്കാക്കരയ്ക്ക് പുറപ്പെട്ടു

പാലാ: ഇന്ന് പി സി ജോർജ് ഹാജരായില്ലെങ്കിൽ ഹൈക്കോടതി ഉത്തരവിൻ്റെ ലംഘനമായി കണക്കാക്കുമെന്ന് കാട്ടി ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണർ എസ് ഷാജി പി സി ജോർജിനു വീണ്ടും കത്തു നൽകി. എന്നാൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും എന്നിരിക്കെ തൻ്റെ നിലപാട് വ്യക്തമാക്കാൻ മറ്റൊരു ദിവസം അവസരം ലഭിക്കില്ലെന്നും അതിനാൽ എത്താൻ സാധിക്കില്ലെന്നും വ്യക്തമാക്കി രാത്രി 12 നു അസിസ്റ്റൻ്റ് കമ്മീഷണർക്കു പി സി ജോർജ് വീണ്ടും മറുപടി നൽകിയിട്ടുണ്ട്. രാവിലെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പി സി ജോർജ് തൃക്കാക്കരയിലേക്ക് പുറപ്പെട്ടു.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എത്തില്ലെന്നു പറഞ്ഞത് ദുരുദ്ദേശപരമാണെന്നു അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ കത്തിൽ ആരോപിച്ചിട്ടുണ്ട്. എന്നാൽ ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം അനുസരിച്ച് തന്ന് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിനുള്ള തൻ്റെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കണം എന്നും കമ്മീഷണർക്കുള്ള മറുപടിയിൽ പി സി ജോർജ് പറഞ്ഞു. ഇത് മറ്റൊരു ദിവസം കിട്ടുകയില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പി സി ജോർജ് നൽകിയ കത്തിൻ്റെ പൂർണ്ണരൂപം താഴെ.

To,

ഷാജി എസ്.
പോലീസ് അസിസ്റ്റന്റ് കമ്മീഷണർ
ഫോർട്ട്‌ സബ് ഡിവിഷൻ


ബഹുമാനപ്പെട്ട ഓഫീസർ,

       ഞാൻ കഴിഞ്ഞ 33 വർഷമായി എം.എൽ.എയും ഗവൺമെന്റ് ചീഫ് വിപ്പും ആയിരുന്ന ഒരു പൊതു പ്രവർത്തകനാണ്. കേരള ജനപക്ഷം (സെക്യുലർ) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചെയർമാൻ എന്ന നിലയിൽ കേരള നിയമസഭയിലെ തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ എന്റെയും എന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും നിലപാട് വ്യക്തമാക്കേണ്ടത് ഭരണഘടനാപരമായി എന്റെ അവകാശമാണ്. നാളെ (29/05/2022) തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കും എന്നിരിക്കെ എനിക്ക് എന്റെ നിലപാട് വ്യക്തമാക്കാൻ മറ്റൊരു ദിവസം ലഭിക്കുകയില്ല. സ്വതന്ത്രമായ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുക എന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ചെയർമാൻ എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും എന്റെ മൗലിക അവകാശമാണ്.അവിടെ സാമുദായികപരമായോ വർഗ്ഗീയപരമായ കാര്യങ്ങൾക്കോ പ്രസക്തിയില്ല മറിച്ച് അവിടെ രാഷ്ട്രീയം ചർച്ച ചെയ്യേണ്ട വേദിയാണ്. 

     ഞാൻ നാളെ തൃക്കാക്കരയിൽ പോകുന്നത് എന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപ്പിക്കാനാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി വിധി അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥനുമായി പൂർണമായും സഹകരിക്കുന്നതിനും ആവശ്യമായ തെളിവുകൾ നൽകുന്നതിനും ഞാൻ തയ്യാറാണെന്ന് അറിയിച്ചുകൊള്ളുന്നു.

 ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം 153 A, 295 A IPC ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നും നാളിതുവരെയായി ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലായെന്നും വിനയപൂർവ്വം അറിയിക്കുന്നു.

      ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം അനുസരിച്ചുള്ള എന്റെ സ്വാതന്ത്ര്യം അനുവദിച്ച് തന്ന് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിനുള്ള എന്റെ ഭരണഘടനാപരമായുള്ള അവകാശം സംരക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.. എന്റെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് നാളെ അല്ലാതെ മറ്റ് ഏതൊരു ദിവസവും  ഹാജരായി കൊള്ളാം എന്നും അറിയിക്കുന്നു.

പി.സി. ജോർജ്
ചെയർമാൻ
കേരള ജനപക്ഷം (സെക്യൂലർ)

Post a Comment

0 Comments