പാലാ: ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ ആദരിക്കാൻ ബ്രിട്ടൻ പുറത്തിറക്കിയ പ്രത്യേക നാണയം പാലായിൽ എത്തി. പാലാ സ്വദേശിയും ആർ സി എൻ ലണ്ടൻ റീജിയൻ ബോർഡ് മെമ്പറുമായ എബ്രാഹം പൊന്നുംപുരയിടമാണ് നാണയം ബ്രിട്ടനിൽനിന്നും പാലായിൽ എത്തിച്ചത്. തുടർന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ശേഖരത്തിൽ ഉൾപ്പെടുത്താനായി ചെയർമാൻ എബി ജെ ജോസിന് കൈമാറി. ബ്രിട്ടൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗാന്ധിജിയെ ആദരിക്കാനായി നാണയം പുറത്തിറക്കിയിരിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജിത്ത്വത്തിനെതിരെ പോരാടിയ സ്വാതന്ത്ര്യ സമര നേതാവിനെ ആദരിക്കാൻ ബ്രിട്ടൻ തയ്യാറായത് സംസ്ക്കാരത്തിൻ്റെ അടയാളമാണെന്നും ഇത് മാതൃകാപരമാണെന്നും എബി ജെ ജോസ് ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വചനം ആലേഖനം ചെയ്ത പ്രത്യേക നാണയമാണ് ബ്രിട്ടൻ പുറത്തിറക്കിയത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ആവേശം പകർന്ന നേതാവിന് ഉചിതമായ ആദരമാണ് ഇതെന്ന് ബ്രിട്ടിഷ് ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് നാണയ അവതരണവേളയിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം അവസാനമാണ് ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയും ഗാന്ധിജിയുടെ ഏറ്റവും പ്രശസ്തമായ ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന വചനവും ഉൾപ്പെടുത്തിയ ‘കലക്ടേഴ്സ് കോയിൻ’ പുറത്തിറക്കിയത്. റോയൽ മിൻ്റ് പുറത്തിറക്കിയ ഈ നാണയത്തോടൊപ്പം ഗാന്ധിജിയെക്കുറിച്ചുള്ള ലഘു വിവരണവും ചേർത്തുള്ള ലഘുലേഖയും ഉൾപ്പെടുന്നു.
അഞ്ച് പൗണ്ടിൻ്റെ നാണയമാണ് പാലായിൽ എത്തിച്ചത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.