പാലാ: അപ്രതീക്ഷിതമായി പാലായിൽ ഉണ്ടായ കനത്ത മഴയിൽ ദുരിതം നേരിട്ട വിവിധ മേഖലകൾ മാണി സി കാപ്പൻ എം എൽ എ സന്ദർശിച്ചു. ദുരിതബാധിതർക്കു അടിയന്തിര സഹായം എത്തിക്കാൻ ജില്ലാ കളക്ടർ, ആർ ഡി ഒ എന്നിവർക്ക് എം എൽ എ നിർദ്ദേശം നൽകി. പാലാമണ്ഡലത്തിൽ മഴയിൽ ഉണ്ടായ നാശ നഷ്ടങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കാൻ തഹസീൽദാരോട് എം എൽ എ ആവശ്യപ്പെട്ടു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ റവന്യൂമന്ത്രി കെ രാജനുമായി മാണി സി കാപ്പൻ വിവരങ്ങൾ പങ്കുവച്ചു.
കോട്ടയം ജില്ലയിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ തയ്യാറാകാൻ പോലീസ്, ഫയർ ആൻ്റ് റസ്ക്യൂ, റവന്യൂ, തദ്ദേശ സ്വയംഭരണ, വൈദ്യുതി വിഭാഗങ്ങളോട് എം എൽ എ ആവശ്യപ്പെട്ടു. താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം തുറക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ വകുപ്പുകൾ നൽകുന്ന ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാൻ മാണി സി കാപ്പൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. മീനച്ചിലാറ്റിലും തോടുകളിലും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ആറ്റിലും തോടുകളിലും ഇറങ്ങുന്നതും സാഹസിക പ്രവർത്തനങ്ങൾ നടത്തുന്നതും ഒഴിവാക്കണമെന്നും എം എൽ എ പറഞ്ഞു. അടിയന്തിര സാഹചര്യത്തിൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വന്നാൽ സൗകര്യങ്ങൾ ഒരുക്കുവാനും മാണി സി കാപ്പൻ നിർദ്ദേശിച്ചിട്ടുണ്ട്.
മണ്ണിടിച്ചിൽ ഉൾപ്പെടെ സംഭവിച്ച പശ്ചാത്തലത്തിൽ പാലാ മേഖലയിൽ പാറഖനനം നിർത്തി വയ്ക്കാൻ നിർദ്ദേശിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.