Subscribe Us



നഗരസഭ റെയിൽവേ കൗണ്ടറിൽ നിന്നും നാട്ടിലേയ്ക്ക് ടിക്കറ്റെടുത്ത വിദ്യാർത്ഥികളെ പഞ്ചാബിൽ ടി ടി ഇ പുറത്താക്കി; വിവരം അന്വേഷിച്ചു വിളിച്ചപ്പോൾ കൗണ്ടർ ഉദ്യോഗസ്ഥ കൈമലർത്തി

പാലാ: പാലാ നഗരസഭയുടെ റെയിൽവേ ടിക്കറ്റ് കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുക്കുന്നവർ  ജാഗ്രതൈ. ചിലപ്പോൾ യാത്ര മുടങ്ങാം, ട്രെയിനിൽ നിന്നും ഇറക്കിവിടാം, ഒപ്പം മാനഹാനിയുമുണ്ടാകാം. വിവരം ആരായാൻ ടിക്കറ്റ് കൗണ്ടറിൽ അന്വേഷിച്ചാൽ ഉദ്യോഗസ്ഥ കൈമലർത്തും.

പാലായിൽ നിന്നും രണ്ടു വിദ്യാർത്ഥികൾ പഞ്ചാബിനു പോയി. തിരിച്ചു വരാനുള്ള ടിക്കറ്റ് പാലാ നഗരസഭ ഓഫീസിൽ പ്രവർത്തിക്കുന്ന കൗണ്ടറിൽ നിന്നും വീട്ടുകാർ എടുത്തു. തുടർന്ന് ടിക്കറ്റിൻ്റെ കോപ്പി വാട്ട്സ് ആപ്പിൽ അയച്ചുകൊടുത്തു. 

ഇന്ന് (08/06/2022) രാവിലെ 10:10 ന് അംബാല റെയിൽവേ സ്‌റ്റേഷനിൽ നിന്നും സമ്പർക്രാന്തി എക്സ്പ്രസിൽ ലഭിച്ച ടിക്കറ്റ് പ്രകാരം തേർഡ് എസിയിൽ കയറി. ഏതാനും സമയം കഴിഞ്ഞപ്പോൾ ടി ടി ഇ വന്ന് ടിക്കറ്റ് പരിശോധിച്ച ശേഷം ഒറിജിനൽ കാണിച്ചില്ലയെന്ന് പറഞ്ഞ് എ സി യിൽ നിന്നും ഇറക്കിവിട്ടു. എ സി യിൽ ഇരിക്കുന്നതിന് 6000 രൂപ കൂടുതൽ ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു അത്. 5970 രൂപ അടച്ചെടുത്ത ടിക്കറ്റിനു പുറമേയാണിത്. തുടർന്നു മറ്റൊരു കമ്പാർട്ടുമെൻ്റിലേയ്ക്കു മാറ്റിയ ഇവരെ ഡൽഹിയിൽ ഇറക്കി വിടുമെന്ന് പറഞ്ഞെങ്കിലും പിന്നീട് വന്ന ഉദ്യോഗസ്ഥൻ യാത്ര തുടരാൻ അനുവദിച്ചു.തുടർന്നു നിന്നു യാത്ര തുടരുകയാണ്.
ഇതേക്കുറിച്ചു സംസാരിക്കാൻ പാലാ നഗരസഭയിലെ റെയിൽവേ ടിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ചപ്പോൾ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. റെയിൽവേയിലെ ഫോൺ നമ്പർ ചോദിച്ചപ്പോൾ ഫോൺ കട്ടാക്കി സ്ഥലം വിടുകയും ചെയ്തു.
ഡിജിറ്റൽ യുഗത്തിൽ ഒറിജിനൽ ടിക്കറ്റ് ചോദിക്കുന്ന റെയിൽവേയുടെ നടപടി അംഗീകരിക്കാനാവില്ലെന്നു യാത്രക്കാർ പറയുന്നു. ഐഡി പ്രൂഫും ഇവരുടെ കൈവശം ഉണ്ട്. ഒർജിനൽ ടിക്കറ്റും ഐഡിയുമായി മറ്റൊരാൾ എത്തിയാൽ മാത്രമേ തർക്കത്തിനിടയുള്ളൂവെന്നിരിക്കെ ഈ നടപടി അനുചിതമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങനെയെങ്കിൽ പാലായിൽ നിന്നും അവിടെ നിന്നും പോരാനുള്ള ടിക്കറ്റ് ലഭ്യമാക്കിയത് എന്തിനെന്ന ചോദ്യം ഉയർന്നിട്ടുണ്ട്.

Post a Comment

0 Comments