പാലാ: സംശുദ്ധ രാഷ്ട്രീയത്തിനുടമയും മുൻ മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന പ്രൊഫ എൻ എം ജോസഫ് (79) ഇന്ന് വെളുപ്പിന് നിര്യാതനായി. ഭൗതികശരീരം ഇന്ന് (13/09/2022) വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിൽലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരചടങ്ങുകൾ ബുധനാഴ്ച നാളെ (13/09/2022) ഉച്ചകഴിഞ്ഞ് നടക്കും.
1987 മുതൽ 1991 വരെ സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്ന ഇദ്ദേഹം പാലാ സെൻ്റ് തോമസ് കോളജിലെ അധ്യാപകനായിരുന്നു. പി സി ജോർജിനെ തോൽപ്പിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നുമാണ് നിയമസഭയിൽ എത്തിയത്. രാഷ്ട്രീയ നീക്കത്തിലൂടെ മന്ത്രിയായിരുന്ന എം പി വീരേന്ദ്രകുമാറിനെ ഒറ്റ ദിവസം കൊണ്ട് രാജി വയ്പ്പിച്ചു മന്ത്രിസഭയിൽ എത്തിയ ചരിത്രവും എൻ എം ജോസഫിന് സ്വന്തമാണ്.
ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായി 1943 ഒക്‌ടോബർ 18 ന് ജനനം. ബിരുദാനന്തര ബിരുദധാരിയാണ്. "അറിയപ്പെടാത്ത ഏടുകൾ" എന്ന പേരിൽ ആത്മകഥയുടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗം (1980-1984), പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എലിസബത്ത് ജോസഫ് ആണ് ഭാര്യ. ഒരു മകനും ഒരു മകളും ഉണ്ട്.
കോണ്‍ഗ്രസ്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച് അടിയന്തിരാവസ്ഥക്കാലത്ത് ജനതാപാര്‍ട്ടിയിലെത്തിയ എൻ എം ജോസഫ് 1987 നിയമസഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റുകളിലൊന്നായ പൂഞ്ഞാറില്‍ അതിന്റെ കുത്തകക്കാരനായി അറിയപ്പെടുന്ന പി.സി. ജോര്‍ജിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തുകയും അത്യന്തം നാടകീയമായ ചില സംഭവങ്ങള്‍ക്കൊടുവില്‍ ആകസ്മികമായി മന്ത്രിപദവിയിലേക്ക് നിയുക്തനാകുകയും ചെയ്യുകയായിരുന്നു. 1982 ലെ ആദ്യ മത്സരത്തിൽ അദ്ദേഹത്തിന് പൂഞ്ഞാറിൽ നിന്നും വിജയിക്കാനായില്ല.
കേരളരാഷ്ട്രീയത്തിലും ദേശീയരാഷ്ട്രീയത്തിലും ഗതിനിര്‍ണ്ണായകമായ ഒരു കാലഘട്ടത്തില്‍ സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ ആളായിരുന്നു അദ്ദേഹം.
മാണി സി കാപ്പൻ എം എൽ എ, ജനതാദൾ ജില്ലാ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ തുടങ്ങിയവർ അനുശോചിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.