Subscribe Us



മൂന്നാനി അപകടം: എഫ് ഐ ആറിൽ പ്രതി അജ്ഞാതൻ ആയതിൽ ദുരൂഹത; വാഹനമോടിച്ച വനിത പോലീസുകാരൻ്റെ ബന്ധു


എക്സ്ക്യൂസീവ്

പാലാ: മൂന്നാനിയിൽ അതിദാരുണമായ വാഹനാപകടത്തിനിടയാക്കിയ വാഹനമോടിച്ച വ്യക്തിയെ രക്ഷിക്കാൻ പോലീസ് നീക്കമെന്ന് സംശയം. പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിൽ പ്രതിയുടെ സ്ഥാനത്ത് അജ്ഞാതൻ എന്ന് രേഖപ്പെടുത്തിയത് ഇതിനാണെന്ന് സംശയിക്കുന്നു. പാലാ പോലീസിലെ ഒരു സിവിൽ പോലീസ് ഓഫീസറുടെ ബന്ധുവായ വനിതയാണ് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടൻ ഈ പോലീസുകാരൻ സംഭവ സ്ഥലത്ത് എത്തുകയും പ്രശ്നത്തിലിടപെടുകയും ചെയ്തിരുന്നു. ഇതിൽ അസംതൃപ്തി പ്രകടിപ്പിച്ച നാട്ടുകാരോട് ഇയാൾ  അപകടമുണ്ടാക്കിയ വ്യക്തിക്കനുകൂലമായ രീതിയിൽ സംസാരിച്ചത് നാട്ടുകാരിൽ ശക്തമായ എതിർപ്പ് ഉണ്ടാക്കുകയും നാട്ടുകാർ ഇയാളുടെ നടപടിക്കെതിരെ വരികയും ചെയ്തിട്ടുണ്ട്. എസ് ഐ ബിനു വി എൽ ആണ് എഫ് ഐ ആർ തയ്യാറാക്കിയത്.
ദാരുണമായ വാഹനാപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സമീപവാസിയായ കുറ്റിയാനിയ്ക്കൽ ഷേർളി ഓടി മാറിയതുകൊണ്ട് അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെടുന്നതും ദൃശ്യത്തിലുണ്ട്. അപകടം നടന്ന ശേഷം പരുക്കു പറ്റിയ ആളെ നാട്ടുകാരും അപകടമുണ്ടാക്കിയ വാഹനത്തിൽ ഉണ്ടായിരുന്ന ഒരാളും ചേർന്ന് ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിലേയ്ക്ക് വിടുന്നതും ദൃശ്യത്തിൽ കാണാം. തുടർന്ന് അപകടമുണ്ടാക്കിയ വാഹനത്തിൻ്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും അപകടമുണ്ടാക്കിയ വനിത ഇറങ്ങി വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരെ സമീപത്തെ വീട്ടിൽ എത്തിക്കുകയും അവിടെ ഏറെ നേരം ഇരുന്ന ശേഷമാണ് കൊണ്ടുപോയത്. ഇവരെ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥൻ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇത്രയും സംഭവം നടന്നിട്ടും പ്രതി അജ്ഞാതൻ എന്ന് രേഖപ്പെടുത്തിയതിൽ ദുരൂഹതയുണ്ട്. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചയാളുടെ മെഡിക്കൽ പരിശോധന നടത്താതെയും ഫിറ്റ്നസ് പരിശോധിക്കാതെയും പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണോയെന്ന് സംശയമുയർന്നിട്ടുണ്ട്. പോലീസുകാരൻ്റെ ബന്ധു ആയതിനാലാണ് പ്രതിയുടെ പേര് രേഖപ്പെടുത്താത്തതെന്നും ഇത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണെന്നും സംശയമുയർന്നുകഴിഞ്ഞു.
സമീപത്തെ ഡയബറ്റിക് സെൻ്ററിൽ നിന്നും ചികിത്സ നടത്തിയ ശേഷം ഇറങ്ങിയ ഇവരാണ് വാഹനമോടിച്ചതും ദാരുണമായ അപകടം വരുത്തി വച്ചതും. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ നഗരസഭാ കൗൺസിലംഗം സിജി ടോണി പോലീസുകാരൻ്റെ നടപടി പ്രതിഷേധാർഹം ആണെന്നും പറഞ്ഞു.

 അപകടത്തിൽപ്പെട്ട പാലാ വാട്ടർ അതോററ്റി ജീവനക്കാരൻ അനിൽ ഗുരുതരമായ നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അനിലിൻ്റെ നട്ടെല്ലിനു അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രകിയ പൂർത്തിയാക്കി.

Post a Comment

0 Comments