Subscribe Us



ഭവന വായ്പയെടുക്കുന്നവരെ സാമ്പത്തിക അടിമകളാക്കി മാറ്റുന്ന ധനകാര്യ സ്ഥാപനങ്ങൾ

എൻ്റെ പ്രിയ സുഹൃത്ത് ആത്മഹത്യയെക്കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നത്. അരുതാത്ത കാര്യങ്ങൾ ചിന്തിക്കരുതെന്ന് നമുക്കു ആവർത്തിച്ചാവർത്തിച്ചു പറയാമെങ്കിലും അവർ അത് എങ്ങനെയെടുക്കുമെന്ന് യാതൊരു പിടിയും ഇല്ല. 

ഏവരുടെയും സ്വപ്നമെന്ന പോലെ എൻ്റെ സുഹൃത്തിൻ്റെയും സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. അത് സാക്ഷാൽക്കരിക്കുന്നതിനു വേണ്ടി മറ്റുള്ളവരെപോലെ തന്നെ അദ്ദേഹവും ഒരു വായ്പ തരപ്പെടുത്തി. സുഹൃത്ത് പറഞ്ഞത് ഇപ്രകാരമാണ്. ഇരുപത് വർഷക്കാലത്തേയ്ക്ക് 20 ലക്ഷം രൂപ ഭവന നിർമ്മാണ വായ്പ എടുത്തു. വായ്പ നൽകുന്ന സ്ഥാപനത്തിലെ കൂലിക്കാർ 32 പല്ലും വെളിയിൽ വെളുക്കെ കാണിച്ച് സാറേ, സാറേ വിളിച്ച് രേഖകളെല്ലാം തരപ്പെടുത്തി വായ്പ അനുവദിച്ചു. 24300 രൂപ മാസ തവണ വച്ച് 240 മാസത്തേയ്ക്കാണ് വായ്പ അനുവദിച്ചത്. 63 തവണ അദ്ദേഹം വായ്പ തിരിച്ചടച്ചു. ഇതുപ്രകാരം 1530900 രൂപ 5 ൽ പരം വർഷം കൊണ്ട് അടച്ചു. അപ്പോഴാണ് കോവിഡ് പ്രതിസന്ധി ആരംഭിച്ചത്. അദ്ദേഹത്തിൻ്റെ  സ്ഥാപനം അടച്ചിടേണ്ടി വന്നു. ഇതോടെ മോറട്ടോറിയം എന്ന കെണിയിൽ അദ്ദേഹം നിവൃത്തി ഇല്ലാതെ തല വച്ചു കൊടുക്കാൻ നിർബ്ബന്ധിതനായി. അത് ആറ് മാസം.  

അദ്ദേഹത്തിൻ്റെ ശനിദശ ആരംഭത്തിൻ്റെ തുടക്കമായിരുന്നു അത്. പിന്നീട് ലോൺ തിരിച്ചടവ് ആരംഭിച്ചപ്പോൾ ബാങ്കുകാർ അത് പുതിയ വായ്പയായി അതിനെ പരിഗണിച്ച് വീണ്ടും 240 തവണ അതായത് 20 വർഷത്തേയ്ക്കു ആക്കി. ഇ എം ഐ തുക വർദ്ധിപ്പിച്ച് 292,00 ആക്കി. ഇത് 11 തവണ അടച്ചു. ഏകദ്ദേശം 3,212,00 രൂപ. ബാങ്കിൻ്റെ കണക്ക് പ്രകാരം 229 തവണ കൂടി അതായത് 19 വർഷം കൂടി അദ്ദേഹം വായ്പ അടയ്ക്കണം. 20 ലക്ഷം രൂപ വായ്പയെടുത്ത അദ്ദേഹത്തിൻ്റെ പക്കൽ നിന്നും ബാങ്ക്  ആകെ ഊറ്റിയെടുക്കുന്ന തുക (ഇനി അടയ്ക്കാനുള്ള 6,687,258 + ആദ്യം അടച്ചത് 1,530,900 + പിന്നീട് അടച്ചത് 3,212,00 = 8,539,358)  രൂപ ആയിരിക്കും.

സുഹൃത്തിന് 50 വയസ് പിന്നിട്ടു. 19 വർഷം അതായത് അദ്ദേഹത്തിൻ്റെ 70 വയസ് വരെയുള്ള അധ്വാനം മുഴുവൻ വായ്പ അടയ്ക്കാൻ വേണ്ടി ചെലവിടേണ്ട ദുരവസ്ഥയിലാണ്. കുട്ടികളുടെ പഠനം, ജീവിത ചിലവ് തുടങ്ങിയ മറ്റു കാര്യങ്ങളൊക്കെ ഭവന വായ്പ എടുത്തതിൻ്റെ പേരിൽ ദുരിതത്തിലായിക്കഴിഞ്ഞു. വളരെ ഭീകരമായ അവസ്ഥയാണിത്. ഫലത്തിൽ വായ്പ നൽകിയ സ്ഥാപനത്തിൻ്റെ സാമ്പത്തിക അടിമയായി സുഹൃത്ത് മാറിക്കഴിഞ്ഞു.

20 ലക്ഷം രൂപ 20 വർഷത്തേയ്ക്ക് വായ്പ എടുത്ത സുഹൃത്തിൻ്റെ ഗതികേട് നോക്കുക. അടച്ചിട്ടും അടച്ചിട്ടും കാലാവധിയും തുകയും വർദ്ധിച്ചു വരുന്ന വായ്പാ സംവീധാനം. അദ്ദേഹം പറയുന്ന പ്രകാരം ആറു മാസം മോറട്ടോറിയവും 3 കുടിശ്ശിഖയും മാത്രമേ വന്നിട്ടുള്ളൂ. എങ്ങനെ മനസമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റും. പിന്നെ ബാങ്കിൻ്റെ ഭാഗത്തു നിന്നുള്ള പീഢനം വേറെ. ഫോൺ വിളി, ഭീഷണി. കൊട്ടേഷൻകാരെ വീട്ടിൽ വിടുക തുടങ്ങിയ ക്രിയകൾ ഒപ്പമുണ്ട്.

വായ്പ എടുത്താൽ തിരിച്ചടയ്ക്കേണ്ടത് വായ്പക്കാരൻ്റെ ഉത്തരവാദിത്വമാണ്. എന്നാൽ വായ്പ എടുത്തു പോയി എന്ന  കാരണത്തിൻ്റെ പേരിൽ അവനെ കൊല്ലാകൊല ചെയ്യുന്നത് നീതീകരണമർഹിക്കാത്ത കാര്യമാണ്. കോടികൾ  നിക്ഷേപിച്ച ഒരാൾക്ക് ആ ബാങ്ക് പൊട്ടിയാൽ ആകെ തിരിച്ചു കിട്ടുക സർക്കാർ ഗ്യാരണ്ടിയായ അഞ്ച് ലക്ഷം രൂപ മാത്രമായിരിക്കും എന്നതും ഓർക്കേണ്ടതുണ്ട്. 

അങ്ങനെ ആധിയിലായ സുഹൃത്ത് ഏറെ ദുഃഖത്തോടും നിരാശയുമായി എല്ലാം കൈവിട്ടു പോകുന്നുവെന്ന ദുഃഖം എന്നോട് പങ്കുവച്ചു. ആത്മഹത്യ അല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന് ആവർത്തിച്ചാവർത്തിച്ചു പറയുന്നു. ബാങ്ക് വായ്പ തീർക്കുന്നതിനായി അദ്ദേഹത്തിൻ്റെ ഭാര്യ വിദേശത്ത് ജോലിക്കു പോയി. അതിനും നല്ല തുക കടം വാങ്ങിയാണ് പോയത്. കിട്ടുന്ന പണം മുഴുവൻ നയാ പൈസയില്ലാതെ ബാങ്ക് വായ്പയ്ക്കും പോകാൻ വാങ്ങിയ കടം വീട്ടുന്നതിനുമായി കഴിഞ്ഞ ഒരു വർഷത്തിലേറെയായി അടച്ചു വരുന്നു. എങ്ങനെ ഇങ്ങനെ തുക വർദ്ധിച്ചു എന്നദ്ദേഹത്തിന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഞാൻ സുഹൃത്തിനോടു പറഞ്ഞു നമുക്ക് ബാങ്കിൽ പോയി അന്വേഷിക്കാമെന്ന്. അങ്ങനെ വായ്പ കൊടുത്ത ബാങ്കിൻ്റെ ഭവന വായ്പ വിഭാഗത്തിൻ്റെ പാലാ കൊട്ടാരമറ്റത്തെ ഓഫീസിൽ എത്തി. 

അവിടെ മുൻ ഓഫീസിൽ മാനേജരെ കാണാൻ അനുവാദം ചോദിച്ചു. വായ്പ നമ്പർ ചോദിച്ചു, അത് പരിശോധിച്ച ശേഷം ഉദ്യോഗസ്ഥ പുച്ഛഭാവത്തിൽ കുടിശ്ശിക കാരനാണല്ലേ എന്നു പറഞ്ഞു. അവരുടെ ജോലി എന്താണെന്ന് പോലും അവർ തിരിച്ചറിയുന്നില്ല. വായ്പ നൽകിയ സമയത്തെ പുഞ്ചിരിക്കു പകരം പല്ലിറുമുന്ന ഭാവം. കാത്തിരിക്കാൻ നിർദ്ദേശം. പിന്നീട് മാനേജരെ കാണാൻ വിളിക്കുന്നു. ആകെ നിരാശപ്പെട്ടിരിക്കുന്ന സുഹൃത്തിൻ്റെ ആവശ്യപ്രകാരം വിവരങ്ങൾ ഞാൻ ചോദിച്ചു. അപ്പോഴേയ്ക്കും വായ്പക്കാരനല്ലാത്തതിനാൽ ചോദിക്കേണ്ട എന്നു മാനേജർ സ്വരം കടുപ്പിച്ചു. കോടതികളിൽ പോലും കക്ഷിക്കുവേണ്ടി മറ്റൊരാൾക്ക് വാദിക്കാം. ഇനി പരീക്ഷ എഴുതാൻ ബുദ്ധിമുട്ടുള്ളവർക്കു വേണ്ടി പരീക്ഷകൾ മറ്റാൾക്ക് എഴുതാനും സാധിക്കും. വായ്പക്കാരൻ്റെ ഒപ്പം ചെന്നാൽ സാധിക്കില്ലെത്രെ. പിന്നെ സംസ്കാര സമ്പന്നയായ മാനേജരുടെ വാമൊഴികൾ. 

ഒരാൾ തൻ്റെ ഗുരുതരമായ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടോ എന്ന് അറിയാൻ ഏറെ ദുഃഖത്തോടെ സമീപിക്കുമ്പോൾ ആശ്വാസത്തിൻ്റെ ഒരു വാക്ക്.... വിവരങ്ങൾ കൃത്യമായി പറയാനുള്ള മര്യാദ.... സാധ്യമായ വഴികൾ, നിർദ്ദേശങ്ങൾ ഒക്കെ നൽകി സഹായ വാഗ്ദാനവും നൽകി തിരിച്ചയയ്ക്കുകയല്ലേ വേണ്ടിയിരുന്നത്. ഇദ്ദേഹത്തെ പോലെ ഉള്ളവർ വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്യുന്നതു കൊണ്ടാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന ചിന്ത ഉണ്ടായിരുന്നെങ്കിൽ.....

അവരുടെ പ്രവർത്തി കൊണ്ട്  സുഹൃത്തിൻ്റെ ആധി വർദ്ധിച്ചു. ടെൻഷൻ കൂടി. എത്ര ആശ്വസിപ്പിച്ചിട്ടും രക്ഷയില്ല. തന്നെയും കൊണ്ടേ ബാങ്ക് പോകൂ എന്ന് കടുത്ത നിരാശയോടെ പറഞ്ഞു കൊണ്ടാണ് സുഹൃത്ത് പിരിഞ്ഞത്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല; അത്തരം ചിന്തകൾ പാടില്ല).

വായ്പ എടുത്ത് ഈ രീതിയിൽ ധനകാര്യ സ്ഥാപനങ്ങൾ ദുരിതത്തിലായവർ ഒട്ടേറെ ഉണ്ടെന്നാണ് വിവരം. സർക്കാരുകൾ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു. മാധ്യമങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കണം.

എബി ജെ ജോസ്
ചീഫ് എഡിറ്റർ
പാലാ ടൈംസ്

Post a Comment

0 Comments