Subscribe Us



പാലാ ചിൽഡ്രൻസ് പാർക്കിനു സമീപം മാലിന്യം കത്തിച്ചയാൾക്കു ഒത്താശയുമായി നഗരസഭാ ഉദ്യോഗസ്ഥർ

പാലാ: പാലായിൽ നിങ്ങളുടെ കൈയ്യിൽ നിന്നും വിലാസം എഴുതിയ കവർ കൈമോശം വന്നാൽ നഗരസഭാധികൃതർ നിങ്ങളെത്തേടി വരും. കവർ തരാനല്ല കവർ വലിച്ചെറിഞ്ഞതിന് പിഴ ഈടാക്കാൻ. വർഷങ്ങൾക്കു മുമ്പ് പാലാ സൗത്ത് ഇന്ത്യൻ ബാങ്കിലെ എ ടി എമ്മിൽ നിന്നുള്ള രസീത് ആരോ വഴിയിൽ ഉപേക്ഷിച്ചതിനെ പിഴ ഈടാക്കാൻ നഗരസഭാധികൃതർ എത്തിയത് ബാങ്ക് മാനേജരുടെ അടുത്ത്. എ ടി എം സ്ലിപ്പ് വേണ്ടാത്തവർ മാലിന്യ ബക്കറ്റിൽ ഇടണമെന്ന നിർദ്ദേശം എഴുതി വച്ചിരിക്കുന്നത് വായിച്ചു നോക്കാൻ മാനേജർ ആവശ്യപ്പെട്ടതോടെ പിഴ ഈടാക്കാൻ വന്നവർ സ്വയം പഴിച്ച് പിൻവാങ്ങി.
ഇപ്പോഴിതാ പന്ത്രണ്ടാംമൈലിൽ ചിൽഡ്രൻസ് പാർക്കിന് സമീപം ഒരു മുൻ സർക്കാർ ഉദ്യോഗസ്ഥൻ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വാരിക്കൂട്ടി രണ്ടു ദിവസമായി കത്തിക്കുന്നു. കനത്ത പുക വരുന്നതോടെ സമീപവാസി  അസ്വസ്തതയായി. പിന്നീടുണ്ടാകില്ലെന്നു കരുതി ആദ്യ ദിവസം സഹിച്ചെങ്കിലും പിന്നെ ഇന്നും മാലിന്യങ്ങൾ കത്തിച്ചു. ഇതോടെ സഹികെട്ട സമീപവാസി കൗൺസിലർമാരെ വിളിച്ചു. പിന്നീട് പാലാ നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ വിളിച്ചു. അയാൾ സ്ഥലത്തില്ലെന്ന മറുപടി നൽകി. മറ്റൊരാളെ വിളിച്ചപ്പോൾ കത്തിത്തീരട്ടെ എന്നായി.
പലരും മുഖേന നഗരസഭയിൽ വിളിച്ചെങ്കിലും എല്ലാവരും കൃത്യനിർവ്വഹണത്തിന് മടിക്കാണിച്ചു. ഈ പരാതി പറയാൻ ഒരു സാമൂഹ്യ പ്രവർത്തകൻ വിളിച്ചപ്പോൾ ആരോഗ്യ വിഭാഗത്തിലെ ഒരാൾ പറഞ്ഞത് താൻ അറിഞ്ഞില്ലെന്നായിരുന്നു. ഓരോ ആളെയും തോണ്ടി വിളിച്ച് പറയാനൊക്കുമോ എന്ന് ചോദിച്ചപ്പോൾ മറുപടി ഉണ്ടായില്ല. എന്നാൽ ഇയാളുടെ നിർദ്ദേശപ്രകാരം ഒരു വനിതാ ഉദ്യോഗസ്ഥ സംഭവസ്ഥലത്തെത്തി തീ കെടുത്തിച്ച് മടങ്ങി. ഉച്ചയോടെയാണ് സംഭവം. ഇനി ഉണ്ടാകില്ലെന്ന ഉറപ്പും നൽകാൻ ഇവർ മറന്നില്ല.
തീ കെടുത്തിയ ആൾ അപ്പോൾ  മടങ്ങിയെങ്കിലും വൈകിട്ട് 4.30 കഴിഞ്ഞ് പൂർവ്വാധികം ശക്തിയിൽ വീണ്ടും മാലിന്യം കത്തിക്കൽ ആരംഭിച്ചു. സമീപവാസി പരാതി പറയാൻ വിളിച്ചെങ്കിലും ഒരു ഉദ്യോഗസ്ഥനും ഫോണെടുത്തില്ല.
മാലിന്യം കത്തിച്ചതിന് നിയമാനുസൃത നടപടി സ്വീകരിച്ച് പിഴ ഈടാക്കിയിരുന്നെങ്കിൽ വീണ്ടും ഇയാൾ മാലിന്യം കത്തിക്കില്ലായിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചാലേ നടപടി എടുക്കൂ എന്നാണത്രെ പരാതി പറഞ്ഞയാൾക്ക് കിട്ടിയ മറുപടി. അതേസമയം പ്ലാസ്റ്റിക് അല്ലാതെ എന്തും കൂട്ടിയിട്ട് കത്തിക്കാമെങ്കിൽ മറ്റെല്ലാവർക്കും ഉപദ്രവമായാലും  അത് ചെയ്യാമെന്നല്ലേ അധികാരികളുടെ നിലപാടെന്ന് സമീപവാസി ചോദിക്കുന്നു. ഏതായാലും രൂക്ഷമായ പുകയേറ്റ് സമീപവാസിയും കുട്ടിയും ചുമയും ജലദോഷവുമായി മരുന്നു വാങ്ങി കഴിക്കുകയാണിപ്പോൾ.

Post a Comment

0 Comments