Subscribe Us



വൺവേ തെറ്റിച്ചു പാഞ്ഞ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രി ആംബുലൻസ് ഇടിച്ചു ഒരാൾക്കു പരുക്ക്

പാലാ: വൺവേ തെറ്റിച്ചു പാഞ്ഞ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസ് ഇടിച്ച് ഒരാൾക്കു പരിക്ക്. പരുക്കേറ്റ ആസാം സ്വദേശി അബ്ദുൾ അലിയെ (48) പാലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആംബുലൻസ് ഇടിച്ചു റോഡിലേയ്ക്ക് തെറിച്ചുവീണ അബ്ദുൾ അലിയുടെ തലയ്ക്കാണ് പരുക്ക്.

 ഇന്നലെ വൈകിട്ട് ഏഴുമണിയോടെ സ്റ്റേഡിയം ജംഗ്ഷനിലാണ് അപകടം നടന്നത്. ഈരാറ്റുപേട്ട ഭാഗത്തു നിന്നും രോഗിയുമായി പാഞ്ഞ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസ് വഴിയിൽ വൺവേ വേർതിരിക്കുന്ന ഡിവൈഡർ ബോർഡിൻ്റെ സൈഡിലൂടെ പൊടുന്നനെ വൺവേയിലേക്ക് പാഞ്ഞുകയറിയപ്പോളാണ് അബ്ദുൾ അലിയെ ഇടിച്ചു തെറിപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വൺവേയിലൂടെ വാഹനം അപ്രതീക്ഷിതമായി പാഞ്ഞുകയറിയതോടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ അബ്ദുൾ അലിയെ പാലാ ജനറൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റുന്നു.

അപകടത്തിൽപ്പെട്ടയാളെ ഉപേക്ഷിച്ചു വാഹനം കടന്നു കളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് അതേ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഈ വാഹനം നിരന്തരം വൺവേ തെറ്റിച്ചു പയാറുണ്ടെന്നു ദൃക്സാക്ഷികൾ പറയുന്നു. അതേ സമയം ആംബുലൻസുകൾ  വൺവേ തെറ്റിച്ച് ഓടുന്നതിൽ തെറ്റില്ലെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. എന്നാൽ പാലാ നഗരത്തിലെ ഇടുങ്ങിയ റോഡിലൂടെ അപ്രതീക്ഷിതമായി ആംബുലൻസുകൾ വൺവേ തെറ്റിക്കുമ്പോൾ നിരപരാധികൾ അപകടത്തിൽപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുരിശുപള്ളി ജംഗ്ഷനിലടക്കം ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന സ്ഥിതി വിശേഷമാണുള്ളത്. ഏതാനും നാൾ മുമ്പ് കുരിശുപള്ളിക്കവലയിൽ വൺവേ തെറ്റിച്ചു പാഞ്ഞ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികൻ മരണമടഞ്ഞിരുന്നു. 

വൺവേ വഴിയോ പാലാ ബൈപാസ് വഴിയോ ആംബുലൻസുകൾക്കു തടസ്സം കൂടാതെ പോകാമെന്നിരിക്കെ വൺവേ തെറ്റിച്ചേ പോകൂ എന്ന നിലപാടിലാണ് ചില ആംബുലൻസ് ഡ്രൈവർമാർ. ഒരു ജീവൻ രക്ഷിക്കാനെന്ന പേരിൽ നിരവധി പേരുടെ ജീവന് ഭീഷണിയായി ആംബുലൻസുകൾ വിളയാടുകയാണെന്നും ആക്ഷേപമുണ്ട്. വൺവേയിലൂടെ പോകുമ്പോൾ ഗതാഗത തടസ്സം ഉണ്ടാവാനുള്ള സാധ്യതയുണ്ടെങ്കിൽ മാത്രമേ വൺവേ തെറ്റിക്കേണ്ടതുള്ളൂവെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. 
ഈ അപകടത്തിന് കാരണം ആംബുലൻസ് ഡ്രൈവറുടെ ഗുരുതരമായ അനാസ്ഥയാണെന്നു നാട്ടുകാർ കുറ്റപ്പെടുത്തി. പാഞ്ഞു വന്ന ആംബുലൻസ് സ്റ്റേഡിയം ജംഗ്ഷനിലെ ഡിവൈഡറിനു സമീപത്തുകൂടി വെട്ടിച്ച് എതിർദിശയിലെ വൺവേയിലേയ്ക്ക് പാഞ്ഞുകയറിയപ്പോഴാണ് അപകടം. പാലായിൽ ആംബുലൻസ് മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് അറുതി വരുത്തുവാൻ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

0 Comments