Subscribe Us



ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനികളിൽ ഒരാളെ രക്ഷിച്ചത് മൂന്നാനി സ്വദേശി കളരിയാമ്മാക്കൽ ബിജു

മൂന്നാനി: കൺ മുന്നിലൂടെ സ്കൂൾ കുട്ടി ഒഴുകി പോകുന്നത് കണ്ട് ഓടിയെത്തിയെങ്കിലും രക്ഷിക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിലാണ് മൂന്നാനി സ്വദേശിയായ കളരിയാമ്മാക്കൽ കുഞ്ഞുഞ്ഞ് എന്ന് ഏവരും വിളിക്കുന്ന ബിജു.

കൊച്ചിടപ്പാടി സ്നേഹാരാം സ്പെഷ്യൽ സ്കൂളിന്റെ ഡ്രൈവറായ ബിജു കുട്ടികളെ ഇറക്കുന്നതിനായി അയ്യമ്പാറയിൽ എത്തിയപ്പോഴാണ് സംഭവം കൺമുമ്പിൽ നടന്നത്. തോട് കവിഞ്ഞ് ശക്തമായ നിലയിലാണ് വെള്ളം റോഡിൽ കയറി ഒഴുകിയത്. റോഡിലെ വെള്ളം കണ്ട് ബിജു ബസ് നിർത്തിയിടുകയായിരുന്നു. 

അപകടത്തിൽപ്പെട്ട ഹെലനും നിവേദ്യയും ആദ്യം വെള്ളത്തിൽ വീണു. തുടർന്ന് മുന്നോട്ട് വന്നപ്പോഴാണ് ഹെലൻ ഒഴുക്കിൽ പെട്ടത്. ബസിൽ നിന്നും ആദ്യം തന്നെ ഇറങ്ങി ഓടി ചെന്നെങ്കിലും ഒഴുക്കിൽ പെട്ട ഹെലനെ രക്ഷിക്കാനായില്ല. എന്നാൽ നിവേദ്യയെ സഹായിക്കാനായി.

അതിശക്തമായ വെള്ളവും പാറക്കൂട്ടങ്ങളുമാണ് രക്ഷാ പ്രവർത്തനത്തിന് തടസ്സമായത്. ഒഴുക്കിൽപ്പെട്ട ഹെലൻ്റെ പിന്നാലെ രക്ഷിക്കാനായി കുറേ ദൂരം ബിജു ഓടി.

ഇവർ ആദ്യം വീണിടത്ത് കയ്യാലയിൽ ഒരു സ്റ്റെപ്പ് ഉണ്ട്. അതിൽ കൂടി കയറി വന്നിരുന്നെങ്കിൽ ദുരന്തം ഒഴിവായേനെയെന്നും നിറമിഴിയോടെ ബിജു പറഞ്ഞു.

രക്ഷപെട്ട നിവേദ്യയെ അടുത്ത വീട്ടിൽ ആക്കിയ ശേഷമാണ് ബിജു സ്കൂൾ ബസ്സും തകർന്ന മനസ്സുമായി മടങ്ങിയത്. ഇടപ്പാടി കുന്നിന് സജിയുടെ മകളാണ് രക്ഷപെട്ട നിവേദ്യ.

അവസരത്തിനൊത്ത് ഉണർന്ന് പ്രവർത്തിക്കാൻ ബിജു കാണിച്ച നല്ല മനസിനെ മുനിസിപ്പൽ കൗൺസിലർ സിജി ടോണി അനുമോദിച്ചു. ഒഴുക്കിൽപ്പെട്ട ഹെലനുവേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Post a Comment

0 Comments