പാലാ: പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തത് പാക്കിസ്ഥാൻ സ്വദേശിയെന്നു സൂചന. പേജ് അഡ്മിൻന്മാരുടെ ഗുരുതരമായ വീഴ്ചയാണ് പേജ് ഹാക്ക് ചെയ്യാൻ ഇടയാക്കിയതെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഷയാൻ നി എന്ന പേരുള്ള പാക്കിസ്ഥാനിൽ നിന്നുള്ള ആളാണ് ഹാക്കിംഗിനു പിന്നിലെന്നാണ് ലഭിച്ച പ്രാഥമിക വിവരം. ഇത് ഹാക്കറുടെ യഥാർത്ഥ പേരാകാൻ സാധ്യത ഇല്ലെന്നും കരുതപ്പെടുന്നു. heat1keel@gmail.com മെയിൽ ഐഡിയും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ മൊബൈൽ നമ്പർ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടില്ല.
പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് മൂന്ന് അഡ്മിൻമാരും മൂന്ന് ഘട്ട സെക്യൂരിറ്റി വേരിഫിക്കേഷനും ഉണ്ട്. ഇതെല്ലാം മറികടന്നാണ് ഹാക്കർ പേജ് കൈക്കലാക്കിയത്. ഫേസ്ബുക്ക് പേജിന് ഗുരുതരമായ സുരക്ഷാ പ്രശ്നമുണ്ടെന്നു കാണിച്ച് പാക്കിസ്ഥാൻ സ്വദേശി അയച്ച തട്ടിപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പേജിൻ്റെ നിയന്ത്രണം അഡ്മിൻമാർക്കു നഷ്ടമായത്. മൂന്ന് അഡ്മിൻമാരും ലിങ്കിൽ ക്ലിക്ക് ചെയ്യുകയും ചെയ്തതായി അറിയുന്നു. പേജിൻ്റെ സുരക്ഷാ പ്രശ്നം സംബന്ധിച്ച് സംശയമുണ്ടായാൽ കൂട്ടായ ചർച്ച നടത്തി സാങ്കേതിക വിദഗ്ദരുടെ സഹായം തേടാതിരുന്നതും വിനയായി. പാക്കിസ്ഥാൻകാരൻ ഫേസ്ബുക്ക് കൈമാറ്റം ചെയ്യാനുള്ള ലിങ്കാണ് അയച്ചുകൊടുത്തതെന്നാണ് സൂചന. പേജ് കൈകാര്യം ചെയ്യാൻ ലോഗിൻ ചെയ്തിട്ടുള്ള കംപ്യൂട്ടർ, ഫോൺ എന്നിവയിൽ നിന്നും പേജ് കൈമാറ്റത്തിനുള്ള സ്ഥിരീകരണം ലഭിക്കും വിധമുള്ള മെസേജിന് അനുകൂലമായി മൂന്ന് അഡ്മിൻമാരും പ്രതികരിച്ചതോടെയാണ് പേജിൻ്റെ നിയന്ത്രണം നഷ്ടമായത്.
തട്ടിപ്പ് ലിങ്കിൽ പ്രവേശിച്ച് മണിക്കൂറുകൾക്കുള്ളിൽ രൂപതാ മീഡിയാ കമ്മീഷന് പേജിൻമേലുള്ള നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടർന്നാണ് അശ്ലീല സ്റ്റോറികൾ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചത്.
ഇത് സംബന്ധിച്ച് സൈബർ സെല്ലിന് പരാതി കൊടുത്തതായി അറിയുന്നു. അതേ സമയം പേജ് കൈവിട്ടു പോയത് സംബന്ധിച്ച് ഫേസ് ബുക്കിനും പരാതി നൽകിയിട്ടുണ്ട്. പേജ് കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളിൽ നിന്നു തന്നെ അനുമതി നൽകിയ സാഹചര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടാണ് ഫേസ്ബുക്ക് നിലവിൽ ഇതിനെ പരിഗണിക്കുകയെന്ന് സൈബർ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. തങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്ന് ഫേസ്ബുക്കിനെ ബോധ്യപ്പെടുത്തിയാൽ മാത്രമേ പേജ് തിരികെ ലഭിക്കുകയുള്ളൂ. നേരത്തെ പേജ് കൈകാര്യം ചെയ്തിരുന്ന ഉപകരണങ്ങൾ വഴി ഇതിനായി ഫേസ് ബുക്കിനെ ബന്ധപ്പെടണം. ആ ഉപകരണങ്ങളുടെ ഐപി അഡ്രസ് മറ്റു കാര്യങ്ങൾ മുതലായവ പരിശോധിച്ച് ഉറപ്പു വരുത്തിയാൽ മാത്രമേ പേജ് തിരികെ ലഭ്യമാകൂ.
അതേസമയം ഈ പേജിൻ്റെ സ്റ്റോറിയിൽ അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി രൂപതാ മീഡിയാ കമ്മീഷൻ അറിയിച്ചു. അതേസമയം ഹൈന്ദവ കൂട്ടായ്മയായ അഘോരി ഫേസ്ബുക്ക് പേജും ഹാക്ക് ചെയ്യപ്പെട്ടതായിയുള്ള വിവരം ഇന്ന് പുറത്തുവന്നിട്ടുണ്ട്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.