Subscribe Us



പെട്രോൾ പമ്പ് ജീവനക്കാരനായ ഉണ്ണികൃഷ്ണൻ്റെ ഒരു നിമിഷത്തെ അശ്രദ്ധ നഷ്ടപ്പെടുത്തിയത് 2981.88 രൂപ; പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയുമായി പ്രാരാബ്ദക്കാരനായ ഉണ്ണികൃഷ്ണൻ

പാലാ: ജീവിതയാത്രയിലെ പ്രാരാബ്ദങ്ങളാണ് പൈകയ്ക്കു സമീപള്ള ചെങ്ങളം സ്വദേശി ഉണ്ണികൃഷ്ണനെ പെട്രോൾ പമ്പിലെ ജോലിക്കെത്തിച്ചത്. കൊട്ടാരമറ്റത്തെ റിലയൻസ് പമ്പിലാണ് ജോലി. ചെറിയ വേതനമാണ് ദിവസകൂലി. കഴിഞ്ഞ 24 ന് രാവിലെ ഉണ്ണികൃഷ്ണൻ പതിവ്പോലെ ജോലിക്കെത്തി. പലർക്കും പെട്രോളും ഡീസലും പകർന്നു നൽകി. ചിലർ ക്യാഷായും മറ്റു ചിലർ ഗൂഗിൾ പേ വഴിയും പണം നൽകി. ചിലരാകട്ടെ കാർഡു വഴിയും പണം കൈമാറി. 7:40 ന് ഡീസൽ പകരാൻ വെളുത്ത ഇന്നോവാ ക്രിസ്റ്റ പമ്പിലെത്തി. ഇവർക്ക് 3012 രൂപയുടെ ഡീസൽ പകർന്ന് നൽകിയത് ഉണ്ണികൃഷ്ണനായിരുന്നു. ഡീസൽ പകർന്നശേഷം കാർഡു മുഖേന പണം നൽകിയശേഷം അവർ മുന്നോട്ടു നീങ്ങി. സൈപ്പിംഗ് മെഷ്യനിലെ ബില്ലിൻ്റെ കൗണ്ടർ കോപ്പി നോക്കിയപ്പോൾ 3012 ന് പകരം മുപ്പത് രൂപ 12 പൈസയാണ് വാങ്ങിയത്.  ഉണ്ണികൃഷ്ണൻ തുക തെറ്റായി രേഖപ്പെടുത്തിയതാണ് കാരണം. പണം നഷ്ടപ്പെട്ടത് അറിഞ്ഞ് ഉണ്ണികൃഷ്ണൻ പിറകേ ഓടിയെങ്കിലും അപ്പോഴേയ്ക്കും കാർ കടന്നു പോയി. ഗ്ലാസുകൾ ഉയർത്തിയുന്നതിനാൽ ഉണ്ണികൃഷ്ണൻ വിളിക്കുന്നത് അവർ കേട്ടതുമില്ല.

ഇതോടെ 2981.88 രൂപ ഉണ്ണികൃഷ്ണൻ പമ്പിൽ നൽകേണ്ട അവസ്ഥയിലാണിപ്പോൾ. തിരക്കിനിടയിൽ വാഹനത്തിൻ്റെ നമ്പർ ശ്രദ്ധിക്കാൻ മറന്നു പോയതായി ഉണ്ണികൃഷ്ണൻ്റെ സഹപ്രവർത്തകർ പറഞ്ഞു.

മാസ്റ്റർ കാർഡ് വഴി നൽകിയ പണത്തിൻ്റെ ബില്ലിൽ രേഷ്മ എന്നാണ് കാർഡ് ഉടമയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം കാർഡ് ഉടമ അറിയുമ്പോൾ തിരികെ തുക കിട്ടുമെന്ന വിശ്വാസത്തിൽ കാത്തിരിക്കുകയാണ് ഉണ്ണികൃഷ്ണൻ.

Post a Comment

0 Comments