Subscribe Us



പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചു വഷളാക്കിയ കുട്ടിയെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത് കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സ

പാലാ: പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചു വഷളാക്കിയ കുട്ടി ജീവിതത്തിലേയ്ക്ക് തിരികെ വന്നത് തലനാരിഴയ്ക്ക്. കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ കൃത്യമായ ചികിത്സയാണ് കുട്ടിക്കു തുണയായത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ  രോഗം കൂടുതൽ വഷളായതിനെത്തുടർന്ന് കുട്ടിയുടെ മാതാവ് ഉണർന്നു പ്രവർത്തിച്ചു ഡിസ്ചാർജ് വാങ്ങി കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പാലായിൽ അടുത്ത കാലത്ത് ആരോപണ വിധേയമായ ആശുപത്രിയിലാണ് സംഭവം. പരാതികൾ വ്യാപകമായിട്ടും ചികിത്സയിൽ ജാഗ്രത പാലിക്കുകയില്ലെന്നതിൻ്റെ ഉദാഹരണമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

മെയ് 29 നാണ് രാവിലെ പാലാ മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന പെൺകുട്ടിയെ ഛർദ്ദിലും കടുത്ത വയറിളക്കവും ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  തുടർന്നു ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു. ഉച്ചകഴിഞ്ഞതോടെ പനിയും ആരംഭിച്ചതോടെ പനിയുടെ മരുന്നുകൾ നൽകി. പിറ്റേന്ന് രാവിലെ ആൻ്റിബയോട്ടിക് നൽകാൻ തുടങ്ങി. ഇതിനിടെ കുത്തിവയ്പ്പിനു മുമ്പായി അലർജി ടെസ്റ്റിനു വിധേയമാക്കിയ കുട്ടിയുടെ കൈയ്യിൽ വരച്ച വൃത്തത്തിനു പുറത്ത് തടിപ്പുകൾ പ്രത്യക്ഷപ്പെട്ടത് മാതാവ് ചൂണ്ടിക്കാണിച്ചെങ്കിലും അതു കാര്യമാക്കേണ്ടന്നായിരുന്നു മറുപടി. ചികിത്സ തുടർന്നുവെങ്കിലും കുട്ടിയുടെ നിലയിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. 

വൈകിട്ടായപ്പോഴേയ്ക്കും കുട്ടിക്ക് പനി വീണ്ടും ആരംഭിച്ചു. കുത്തിവയ്പ്പ് എടുത്താലുടൻ കുട്ടിക്കു തളർച്ച ബാധിക്കുന്നത് ചൂണ്ടിക്കാട്ടിയെങ്കിലും ഇത് സാധാരണയാണെന്ന കാര്യമാണ് അറിയിച്ചത്. വൈകിട്ട് കുത്തിവയ്പ്പ് നൽകിയപ്പോഴും അതേ അവസ്ഥയായിരുന്നു. 

രണ്ടു ദിവസം ചികിത്സിച്ചെങ്കിലും കുട്ടിയുടെ നില വഷളായതല്ലാതെ പുരോഗതിയൊന്നുമുണ്ടായില്ല. ഇതേത്തുടർന്നു  നിർബ്ബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങി വൈകിട്ടു തന്നെ  രോഗം മൂർച്ഛിച്ച കുട്ടിയെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്നു രക്തസാമ്പിളുകൾ എടുത്തു പരിശോധിച്ചു. പരിശോധനാ ഫലം വന്നപ്പോൾ ഡെങ്കിപ്പനിയാണോ ഷിഗെല്ലയാണോ ബാധിച്ചതെന്ന് ആദ്യം നിർണ്ണയിക്കാനായില്ല. പിന്നീട് മൂന്നു ദിവസത്തിനുശേഷ  ആദ്യം വന്ന പരിശോധനാഫലത്തിൽ ഡെങ്കിപ്പനി നെഗറ്റീവ് കാണിച്ചു. പിറ്റേന്ന് കുട്ടിയുടെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും താഴുകയും ചെയ്തു. ഇതോടെ രോഗം മൂർച്ഛിച്ചു വഷളായ കുട്ടിയെ പിറ്റേന്ന് ഐ സി യു വിലും പ്രവേശിപ്പിച്ചു ചികിത്സ ആരംഭിച്ചു. പിന്നീട് വന്ന രണ്ടാംഫലത്തിലും ഡെങ്കിപ്പനി നെഗറ്റീവ് ആയി. ഷിഗെല്ല ആണോ എന്ന് സംശയമുണ്ടെന്ന് ഡോക്ടർ റിപ്പോർട്ടെഴുതി. 

തുടർന്ന് കുട്ടിക്ക് വിദഗ്ദ ചികിത്സ മെഡിക്കൽ കോളജിൽ ലഭ്യമാക്കുകയായിരുന്നു. ഒൻപതു ദിവസത്തെ വിദഗ്ദ ചികിത്സ ലഭ്യമായതോടെ കുട്ടി ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയായിരുന്നു. 

ചികിത്സ നൽകുമ്പോഴുള്ള അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരുന്നതിനു കാരണം. ഇതിനെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാൻ സർക്കാർ സംവീധാനങ്ങൾ ഇടപെടാറും ഇല്ലെന്നും ആക്ഷേപമുണ്ട്. ഇത്തരക്കാർക്കു പിന്തുണ നൽകാനാണ് രാഷ്ട്രീയക്കാരും ജനപ്രതിനിധികളടക്കമുള്ളവരും മുന്നിട്ടു നിൽക്കുന്നതെന്നും വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. നാളെകളിൽ സ്വന്തം വീട്ടിൽ ഇത്തരം ദുരനുഭവം ഉണ്ടാകുമ്പോഴേ ഇവർ ചിന്തിക്കൂവെന്നും വിലയിരുത്തപ്പെടുന്നു. 

പ്രത്യേക അറിയിപ്പ്

കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ല. പരാതി നൽകുന്നവരെ ഒറ്റപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകുമെന്നതിനാലാണ് പലരും പരാതി നൽകാൻ മടിക്കുന്നത്.  അതിനാലാണ് ആശുപത്രിയുടെ പേരും മറ്റു വിവരങ്ങളും പ്രസിദ്ധീകരിക്കാൻ സാധ്യമല്ലാതെ വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ സ്വയമേ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സർക്കാർ സന്നദ്ധമായില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടും എന്ന മുന്നറിയിപ്പ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്.

പാലാ ടൈംസ്

Post a Comment

0 Comments