Subscribe Us



ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ കടപുഴകിയ മരം വീണു പരിക്കേറ്റയാൾ മരിച്ചു; ഗർഭിണിയടക്കം മൂന്നു പേർക്ക് പരിക്ക്

നേര്യമംഗലം: കൊച്ചി - ധനുഷ്കോടി റൂട്ടിൽ നേര്യമംഗലത്തിന് സമീപം വല്ലാഞ്ചിറയിൽ ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണുണ്ടായ അപകടത്തിൽ പരുക്കേറ്റ കാർ യാത്രികൻ ഇടുക്കി രാജകുമാരി മുരിക്കുംതൊട്ടി കുപ്പമലയിൽ ജോസഫ് (പൊന്നച്ചൻ - 63) മരണമടഞ്ഞു. പാലമലയിൽ ജോബി(32), ഭാര്യ അഞ്ജു (28)  എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ജോസഫിൻ്റെ ഭാര്യ അന്നക്കുട്ടിയും ചികിത്സയിലാണ്. 
രാജകുമാരിനിന്നും വന്നവരാണ് അപകടത്തിൽപ്പെട്ടത്. വലിയമരത്തിന്റെ കടഭാഗമാണ് കാറിന് മുകളിൽ പതിച്ചത്.
പൂർണ്ണമായി മരത്തിനടിയിൽപ്പെട്ട കാർ ഞെരിഞ്ഞമർന്നു. മണിക്കൂറുകൾനീണ്ട ശ്രമത്തിനൊടുവിലാണ് യാത്രക്കാരെ പുറത്തെടുക്കാനായത്. ഫയർഫോഴ്സും നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് രക്ഷാദൗത്യം നടത്തിയത്. 
ഈ മരത്തിന്റെ ഭാഗം കാറിന് മുമ്പിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി.ബസിലും വീണിരുന്നു. ബസ് ഭാഗികമായി
തകർന്നിട്ടുണ്ട്. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്. ഇതേത്തുടർന്നു ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിലച്ചു.

Post a Comment

0 Comments