കോട്ടയം: സിനിമാതാരത്തിൻ്റെ വാഹനം ഇടിച്ചു തകർത്ത സ്വകാര്യ ബസ് ഡ്രൈവർ പോലീസ് സ്റ്റേഷനിൽ സമ്മതിച്ച നഷ്ടപരിഹാരം നൽകാതെ മുങ്ങിയിട്ടും നടപടിയെടുക്കാതെ ഗാന്ധിനഗർ പോലീസും മോട്ടോർ വാഹന വകുപ്പ് അധികൃതരും. സമ്മതിച്ച നഷ്ടപരിഹാരം തേടി പരാതിക്കാരിക്ക് ചെരുപ്പ് തേഞ്ഞതും സമയവും പണവും നഷ്ടപ്പെട്ടതും മിച്ചം. ഗതാഗതമന്ത്രിക്കു പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല.
സിനിമാതാരമായ നെടുംകുന്നം കോയിക്കൽ ബിന്ദു എൽസാ തോമസിനാണ് അധികൃതരുടെ ഭാഗത്തു നിന്നും ദുരനുഭവം ഉണ്ടായത്. പോലീസിൽ ചെല്ലുമ്പോൾ ഗതാഗത വകുപ്പിൽ ചെല്ലാൻ പറയും. ഗതാഗത വകുപ്പിൽ ചെല്ലുമ്പോൾ പോലീസിൽ ചെല്ലാൻ പറയും.
ഇക്കഴിഞ്ഞ ജൂൺ 21 നു ഉച്ചയ്ക്ക് 2 നാണ് പരാതിക്കിടയാക്കിയ സംഭവം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടറെ കണ്ട് മടങ്ങും വഴി എം സി റോഡിലേയ്ക്ക് കയറാൻ കാത്തു നിൽക്കുന്നതിനിടെ പിന്നിൽ നിന്നും ഗതാഗത നിയമം തെറ്റിച്ച് ഇടത് സൈഡിലൂടെ പാഞ്ഞു വന്ന കെ എൽ 36 ബി 1710 ആൻഡ്രൂ ട്രാവൽസ് എന്ന ബസ്സാണ് ബിന്ദു തോമസിൻ്റെ കാറിൽ ഇടിച്ച് കനത്ത നാശം വരുത്തിയത്. കോട്ടയം - തലയോലപ്പറമ്പ് റൂട്ടിൽ ഓടുന്ന ബസ് അമിത വേഗതയിലായിരുന്നുവെന്ന് ബിന്ദു തോമസ് പറഞ്ഞു. ഇടതു സൈഡിൽ ബസ് ഇടിച്ചതോടെ കാറിൻ്റെ ബമ്പർ വേർപെട്ടു. ഇടിച്ചതറിഞ്ഞിട്ടും ബസ് കാറിനെ വലിച്ചു നീക്കിയപ്പോൾ ഡ്രൈവർ കാർ വലത്തേയ്ക്ക് വെട്ടിച്ചില്ലായിരുന്നുവെങ്കിൽ താൻ അപായപ്പെടുമായിരുന്നുവെന്നും ബിന്ദു എൽസ ചൂണ്ടിക്കാട്ടി.
തുടർന്നു ഗാന്ധിനഗർ പോലീസ് ബസ് കസ്റ്റഡിയിൽ എടുത്തു. പിന്നീട് ബസിൻ്റെ മാനേജരും ഡ്രൈവറും കണ്ടക്ടറും ചേർന്ന് ഇൻഷ്വറൻസ് തുകയ്ക്ക് ബാക്കി വരുന്ന തുക ഒൻപതിനായിരം രൂപ നൽകാമെന്ന് സമ്മതിക്കുകയും എഴുതി വയ്ക്കുകയും ചെയ്തു. എന്നാൽ പറഞ്ഞ തിയതിയിൽ പണം നൽകാൻ ഡ്രൈവർ കൂട്ടാക്കിയിട്ടില്ല. വിളിച്ചാൽ ഫോൺപോലും എടുക്കാത്ത അവസ്ഥയിലുമായി. ടാക്സ് അടയ്ക്കുന്നതിനാൽ ഇത്തരം പ്രശ്നങ്ങൾ വന്നാൽ പണം നൽകില്ലെന്ന നിലപാടിലാണ് ബസ് നടത്തിപ്പുകാരെന്നും ബിന്ദു പറഞ്ഞു.
ഇക്കാര്യം ചോദിക്കാൻ വിളിച്ചപ്പോൾ ബസുടമയാണെന്നവകാശപ്പെട്ട വനിത അപമര്യാദയായി പെരുമാറിയെന്നും ബിന്ദു പരാതിപ്പെട്ടു. വാഹനത്തിൻ്റെ രജിസ്ട്രേർഡ് ഉടമയ്ക്കു ഉത്തരവാദിത്വമില്ലെന്ന വിചിത്രമായ നിലപാടാണ് ഇവർ സ്വീകരിച്ചത്. അപകടമുണ്ടായാൽ കേസ് നടത്തി കാശ് വാങ്ങിയ്ക്കാമെങ്കിൽ വാങ്ങിച്ചോ എന്ന രീതിയാണ് ബസുടമ സ്വീകരിച്ചിരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചു മുങ്ങിയ ബസ് ജീവനക്കാരെ വിളിച്ചിട്ടു കിട്ടുന്നില്ലെന്നാണ് പോലീസും മോട്ടോർവാഹന അധികൃതരും ഒരേ സ്വരത്തിൽ പറയുന്നതെന്നും പരാതിക്കാരി പറയുന്നു. മന:പൂർവ്വം അപകടമുണ്ടാക്കുന്ന ബസ് ജീവനക്കാർക്ക് എതിരെ നടപടി എടുക്കാൻ അധികൃതർക്കാവാത്തത് സാധാരണക്കാരനെതിരെയുള്ള വെല്ലുവിളിയാണ്. പണം നൽകാമെന്ന് സമ്മതിച്ചത് തെറ്റ് ചെയ്തിട്ടാണെന്നും കേസെടുക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നും പരാതിക്കാരി പറയുന്നു. ബസുടമയും നിഷേധാത്മക നിലപാടിലാണ്. രണ്ടു മാസം പിന്നിട്ടിട്ടും നടപടി എടുത്തിട്ടില്ല. അധികൃതരുടെ നിലപാടിനെതിരെ ഓഫീസ് പടിക്കൽ പ്രതിഷേധം നടത്താൻ ആലോചിക്കുന്നതായും ബിന്ദു എൽസ വ്യക്തമാക്കി.
മനുഷ്യജീവന് അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും അവർ ആവശ്യപ്പെട്ടു.
നിരവധി സിനിമകളിൽ വേഷമിട്ട ബിന്ദു എൽസ അഭിനയിച്ച ഏറ്റവും ഒടുവിൽ റിലീസായ ചിത്രം കുടുംബസ്ത്രീയും കുഞ്ഞാടും എന്ന ചിത്രമാണ്. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.