Subscribe Us



ഓണം നന്മയുടെ തിരനോട്ടം: പാലാ ഡി വൈ എസ് പി കെ സദൻ

പാലാ: ഓണം നന്മയുടെ തിരനോട്ടമായിരിക്കണമെന്ന് പാലാ ഡി വൈ എസ് പി കെ സദൻ പറഞ്ഞു. പാലാ ചാവറ പബ്ളിക് സ്കൂളിലെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മകൾ മാത്രമുള്ള ഓണത്തിനിടയിൽ തിന്മയും നമ്മുടെ ഇടയിൽ കടന്നു കൂടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണത്തിനു ശേഷം മദ്യ ഉപഭോഗത്തിൻ്റെ കണക്കിൽ കേരളം ഒന്നാമതാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാഹോദര്യമാണ് ഓണത്തിൻ്റെ സന്ദേശം. 

ഇപ്പോൾ മെക്കാനിക്കൽ ഓണമാണ് നടക്കുന്നത്. ചെറുപ്പകാലത്ത് ഓണം ആഘോഷിച്ചതിൻ്റെ ഓർമ്മകൾ അദ്ദേഹം പങ്കുവച്ചു. ഓണത്തിനു പുലികളി നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ചു ഓണക്കോടി വാങ്ങാൻ പണമില്ലാതിരുന്ന കൂട്ടുകാർക്ക് ഓണക്കോടികൾ വാങ്ങി നൽകിയ കാര്യവും അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീ അർദ്ധരാത്രിയിൽ  സർവ്വാഭരണഭൂഷയായി നമ്മുടെ  തെരുവിലൂടെ നടക്കുന്ന കാലമാണ് തൻ്റെ സ്വപ്നമെന്നും കെ സദൻ പറഞ്ഞു. മാവേലി നാടുവാണിടും കാലം എന്ന ഗാനം ഗാനമാലപിച്ച് ഡി വൈ എസ് പി കുട്ടികളുടെ മനം കവർന്നു.
കളങ്കമില്ലാത്ത പോലീസ് ഉദ്യോഗസ്ഥനാണ് കെ സദൻ എന്ന് ചാവറ പബ്ളിക് സ്കൂൾ പ്രിസിപ്പൽ സാബു കൂടപ്പാട്ട് പറഞ്ഞു. നീതി നിർവ്വഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും ചൂണ്ടിക്കാട്ടി.

ഫാ ബാസ്റ്റിൻ, ഫാ പോൾസൺ, സിബി പുത്തേട്ട്, ദിവ്യ, സ്കൂൾ അധ്യാപകരായ ടോം, ദീപ്തി, എലിസബത്ത്, ആലീസ് തുടങ്ങിയവരും പങ്കെടുത്തു. തുടർന്നു നടന്ന കുട്ടികളുടെ ഓണാഘോഷം ചടങ്ങിന് കൊഴുപ്പേകി.

Post a Comment

0 Comments