പാലാ: തന്നോട് കേരളാ കോൺഗ്രസ് എം കൊടുംചതി ചെയ്തെന്ന് പുറത്താക്കപ്പെട്ട നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ പറഞ്ഞു.
ഷാജു തുരുത്തൻ്റെ കുറിപ്പ്
കെ.എസ്.സിയിലൂടെ പ്രവർത്തിച്ച് പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ കൗൺസിലർ, ചെയർമാൻ എന്നീ നിലകളിൽ പാർട്ടിക്കു വേണ്ടി തല്ലുകൊണ്ടും, കൊടുത്തും എന്നും കെ.എം.മാണി സാറിനൊപ്പം അടിയുറച്ച് നിന്ന് 29 വർഷം പാലാ മുൻസിപ്പൽ കൗൺസിലറായി പ്രവർത്തിച്ച എന്നോട് പാർട്ടി നേതൃത്വം ഇപ്പോൾ കാട്ടിയിരിക്കുന്നത് കൊടുംചതി ആണ്.
ഞാൻ കൗൺസിലിൽ ഉണ്ടായിരിന്നപ്പോൾ ജോസ് തോമസ് പടിഞ്ഞാറേക്കരക്ക് രണ്ട് തവണ ചെയർമാൻ സ്ഥാനം നൽകി.
തുടർന്ന് അദ്ദേഹത്തിൻ്റെ ഭാര്യ പൊന്നമ്മ ജോസ് പടിഞ്ഞാറേക്കരക്ക് നൽകി.
തുടർന്ന് മാണി സാറിന്റെ സഹോദരി പുത്രൻ എ സി.ജോസിനും അദ്ദേഹത്തിൻ്റെ ഭാര്യക്കും 3 വർഷം വീതം ചെയർമാൻ സ്ഥാനം നൽകി.
അതിന് ശേഷം എന്നെക്കാൾ ജൂണിയറായ കൗൺസിലർ കുര്യാക്കോസ് പടവന് ഞാൻ കൗൺസിലിൽ ഉള്ളപ്പോൾ 5 വർഷം ചെയർമാൻ പദവിയും രണ്ടാം ടേമിൽ 5 വർഷം വൈസ് ചെയർമാൻ പദവിയും നൽകി.
കഴിഞ്ഞ 47 വർഷക്കാലമായി കേരളാ കോൺഗ്രസുകാരനായി പ്രവർത്തിച്ച ഈ കൗൺസിലിലെ എറ്റവും സീനിയർ അംഗമായിരുന്ന എന്നെ മാറ്റിനിർത്തി എന്റെ മകന്റെ പ്രായമുള്ള ആന്റോ ജോസ് പടിഞ്ഞാറേക്കരക്ക് ആദ്യ രണ്ടുവർഷം ചെയർമാൻ സ്ഥാനം നൽകി. തുടർന്നുള്ള മൂന്ന് വർഷത്തിൽ ഒരു വർഷം സി.പി.എംനും, തുടർന്നുള്ള രണ്ടുവർഷം പലവട്ടം ചെയർമാൻ പദവിയിൽ നിന്നും ഒഴിവാക്കപ്പെട്ട എനിക്ക് നൽകും എന്ന് എന്നോട് പറഞ്ഞതിന് ഘടക വിരുദ്ധമായി പാർട്ടിയുമായി പുലബന്ധമില്ലാത്ത ഒരു ബിസിനസുകാരനായ തോമസ് പീറ്ററെ ചെയർമാനാക്കാനായി എന്നെ അപമാനിച്ച് ഇറക്കിവിട്ടതിലുള്ള ദു:ഖം ഞാൻ രേഖപ്പെടുത്തുന്നു.
ഞാൻ വിഭാവന ചെയ്ത ചില പ്രോജക്ടുകളുടെ പ്രവർത്തനങ്ങൾ പൂർത്തികരിക്കാൻ മാർച്ച് 31 വരെ എനിക്ക് കാലവധി നീട്ടി നൽകാതെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്ത് എന്നെ പുറത്താക്കിയതിന്റെ പിന്നിലെ ധാർമ്മികത എന്തെന്ന് പാലായിലെ ജനങ്ങൾ വിശകലനം ചെയ്യട്ടെ. ഈ കൊടുംക്രൂരതക്ക് കാലം മറുപടി നൽകും.
പാർട്ടി എന്നോട് ചെയ്ത ചതിയുടെ പേരിൽ ഞാൻ പൊതുപ്രവർത്തനം അവസാനിപ്പിച്ചു എന്ന് ആരും വിചരിക്കേണ്ടതില്ല. കൂടുതൽ കരുത്തോടെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു ജനപ്രതിനിധി ആയി പൊതുരംഗത്ത് ഉണ്ടാകും. ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട എന്റെ കെ.എം.മാണി സാർ ജീവിച്ചിരുന്നു എങ്കിൽ എനിക്ക് ഈ അപമാനം ഉണ്ടാകില്ലായിരുന്നു എന്നു പറഞ്ഞു കൊണ്ട് വേദനയോടെ നിർത്തുന്നു.
എന്ന്
ഷാജു തുരുത്തൻ
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.