പാലാ: പാലാ നഗരസഭയിൽ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസത്തിനനുകൂലമായി എൽ ഡി എഫ് വോട്ടു രേഖപ്പെടുത്തിയതോടെ പുറത്തായ ഷാജു വി തുരുത്തൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലേയ്ക്കെന്നു സൂചന. കേരളാ കോൺഗ്രസു (എം) മായി ഇടഞ്ഞ മുൻ ചെയർമാൻ കുര്യാക്കോസ് പടവൻ ജോസഫ് ഗ്രൂപ്പിലേയ്ക്ക് പോയിരുന്നു. ഇതിനു പിന്നാലെ ജോസഫ് ഗ്രൂപ്പിലേയ്ക്ക് പോകാനാണ് തുരുത്തൻ തയ്യാറെടുക്കുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച് ജോസഫ് ഗ്രൂപ്പ് നേതാക്കളായ മോൻസ് ജോസഫ് എം എൽ എ, കെ ഫ്രാൻസീസ് ജോർജ് എം പി എന്നിവർ ദിവസങ്ങളായി ഷാജു തുരുത്തനുമായി ബന്ധപ്പെട്ടു വരുകയാണെന്ന വിവരം ലഭിച്ചു.
പാലായിൽ പതിറ്റാണ്ടുകളായി കേരളാ കോൺഗ്രസ് (എം) നു വേണ്ടി ചോരയും നീരും നൽകി പാർട്ടിയെ വളർത്തിയ നേതാക്കളിൽ പ്രമുഖനാണ് ഷാജു തുരുത്തൻ. ഒരു വർഷക്കാലമേ ചെയർമാൻ പദവിയിൽ ഇരിക്കാൻ സാധിച്ചുള്ളൂവെങ്കിലും രാഷ്ട്രീയ എതിരാളികളുടെ വരെ പ്രശംസ പിടിച്ചുപറ്റാൻ തുരുത്തന് സാധിച്ചിരുന്നു. പൊതുരംഗത്ത് തുടരേണ്ടതിനാൽ ഒരു ചേരിമാറ്റം തുരുത്തന് അനിവാര്യമാണ്. കേരളാ കോൺഗ്രസി (എം)ൽ നിന്നും പുറത്താക്കിയില്ലെങ്കിൽ കാലാവധി തീരുംവരെ ഏകനായി തുടരേണ്ടി വരും. തുരുത്തനെ കൈവിടുന്നത് പാലായിൽ കേരളാ കോൺഗ്രസ് (എം) ന് രാഷ്ട്രീയ നഷ്ടമാണെന്നും വിലയിരുത്തപ്പെടുന്നു.
സ്വതന്ത്ര അംഗം ജിമ്മി ജോസഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനു അനുകൂലമായി ഭരണകക്ഷിയായ എൽ ഡി എഫ് വോട്ടു ചെയ്യുകയായിരുന്നു.14 വോട്ട് അവിശ്വാസത്തിന് അനുകൂലമായി ലഭിച്ചു. രാഷ്ട്രീയ നീക്കത്തിലൂടെ അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷം അവിശ്വാസ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
അടുത്ത ഊഴം കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിലെ തന്നെ തോമസ് പീറ്ററിനാണ്. എൽ ഡി എഫ് ധാരണ അനുസരിച്ച് ആദ്യ രണ്ട് വർഷം കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനും മൂന്നാം വർഷം സി.പിഎമ്മിനും അവസാന രണ്ടു വർഷത്തിലൊന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ തന്നെ ഷാജു തുരുത്തനും ഏറ്റവും അവസാനവട്ടം തോമസ് പീറ്ററിനും എന്നുള്ളതാണ് ധാരണ. ഇതുപ്രകാരം ആദ്യ രണ്ടു വർഷം ആൻ്റോ പടിഞ്ഞാറെക്കരയും ജോസിൻ ബിനോയും ചെയർമാന്മാരായി.
എന്നാൽ അങ്ങിനെയൊരു ധാരണ ഇല്ലെന്നും അവസാന രണ്ടു വർഷവും തനിക്കുള്ളതാണെന്നുമായിരുന്നു ഷാജു തുരുത്തൻ്റെ അവകാശ വാദം.
അതെ സമയം ഇന്ന് രാവിലെയും കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് ടോം ആശുപത്രിയിൽ ചികിത്സയിലുള്ള ഷാജു തുരുത്തനുമായി അവസാനവട്ട അനുരഞ്ജന ചർച്ച നടത്തിയിരുന്നു. അവിശ്വാസ പ്രമേയത്തെ എൽ.ഡി.എഫ് തോൽപ്പിക്കും അടുത്ത മണിക്കൂറിൽ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്നതായിരുന്നു ഒത്ത് തീർപ്പ് നിർദ്ദേശം. എന്നാൽ ഷാജു തുരുത്തന് ഇത് തള്ളിക്കളയുകയായിരുന്നു. ഇതേതുടർന്ന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഭരണകക്ഷിയായ എൽ.ഡി.എഫ് പിന്തുണയ്ക്കുകയായിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.