പാലാ: മഴവെള്ളത്തിനും വെള്ളക്കരം!!! പാലാ വാട്ടർ അതോറിറ്റിയാണ് മഴവെള്ളത്തിന് വെള്ളക്കരം ഈടാക്കുന്നത്. സർക്കാരിൻ്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മാസങ്ങൾക്കു മുമ്പ് പാലാ നഗരസഭയിലെ എട്ടാം വാർഡിൽപ്പെട്ടയാൾ വാട്ടർ അതോറിറ്റിയുടെ കണക്ഷന് അപേക്ഷ സമർപ്പിച്ചു.ഏറെ നാൾ കഴിഞ്ഞ് മീറ്ററും ഘടിപ്പിച്ചു. പക്ഷേ, മാസങ്ങളായി ഒരു തുള്ളി വെള്ളംപോലും പൈപ്പിലൂടെ കിട്ടിയില്ല. ഇതു സംബന്ധിച്ച് പല തവണ വാട്ടർ അതോററ്റിയുടെ പാലാ ഓഫീസിൽ വിളിച്ചു ഉപഭോക്താവ് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല.
പിന്നീട് കഴിഞ്ഞ ആഴ്ച വീണ്ടും പരാതിപ്പെട്ടു. ഇതേത്തുടർന്ന് അര ഡസൻ ആളുകൾ വന്നു പരിശോധന നടത്തി. മീറ്ററിൽ സീറോ ആണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അമൃത് പദ്ധതിയുടെ ആളെ വിടാമെന്ന് പറഞ്ഞു തിരികെ പോയി. ഉദ്യോഗസ്ഥരാരും പിന്നീട് എത്തിയില്ലെങ്കിലും ഇന്ന് അതോററ്റി വക ബില്ല് ഉപഭോക്താവിന് ലഭിച്ചു. 148 രൂപ. മീറ്ററിൽ സീറോ ആണെങ്കിലും ബില്ലിൽ റീഡിംഗ് ഒന്ന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മീറ്ററിനു ചുറ്റും വീണ മഴത്തുള്ളിയുടെ കണക്കു പ്രകാരമാണോ ബില്ല് ചാർജ് ചെയ്തിട്ടുള്ളതെന്നാണ് ഉപഭോക്താവിൻ്റെ സംശയം. വെള്ളം പൈപ്പിലൂടെ വരുന്നതായോ കണക്ഷൻ പ്രവർത്തനക്ഷമമായതോ സംബന്ധിച്ചു അറിയിപ്പോ രേഖയോ ഒന്നും ഉപഭോക്താവിന് ഇതേവരെ നൽകിയിട്ടില്ല. കൺസ്യൂമർ നമ്പരും മറ്റു നിർദ്ദേശങ്ങളും അടങ്ങിയ ബുക്കും നൽകിയിട്ടില്ല.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.