പാലാ: മൂന്നരപതിറ്റാണ്ടു മുൻപ് നാലാം ക്ലാസുകാരനായിരുന്ന ശിഷ്യന് അധ്യാപിക അന്ന് അയച്ച മറുപടി കത്ത് ഇനി വായന ലോകത്തിന് സ്വന്തം. കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രൻ രചിച്ച 'വേരുകൾ ചിരിക്കാറുണ്ട്' എന്ന അനുഭവക്കുറിപ്പിലാണ് പാലാ കണ്ണാടിയുറുമ്പ് സെൻ്റ് ജോസഫ് സ്കൂളിലെ അധ്യാപികയായിരുന്ന സിസ്റ്റർ ജൂഡിത്ത് മുപ്പത്തിയഞ്ച് വർഷം മുമ്പ് അയച്ച കത്ത് ഉൾച്ചേർത്തിരിക്കുന്നത്. സംഗീത് അടുത്തിടെ രചിച്ച അനുഭവക്കുറിപ്പിൻ്റെ ഒന്നാം അധ്യായത്തിൻ്റെ പേര് 'ഹൃദയം തുന്നിയ കത്ത് 'എന്നാണ്. പുസ്തകത്തിൽ ഉൾച്ചേർത്ത കത്ത് സംഗീതിൻ്റെ ജീവിത യാത്രയുടെ കരുത്തായിരുന്നു. തൊണ്ണൂറുകളിലെ ഒരു ക്രിസ്തുമസ് കാലത്താണ് സംഗീതിൻ്റെ വിലാസത്തിൽ സിസ്റ്റർ ജൂഡിത്തിൻ്റെ മറുപടി കത്ത് വന്നത്. 35 വർഷം സൂക്ഷിച്ചു വച്ച ഈ കത്തിൽ നിന്നാണ് പുതിയ പുസ്തകത്തിലെ ഒന്നാം അധ്യായം ആരംഭിക്കുന്നത്. പാലക്കാട് പഴമ്പാലക്കോട് സ്കൂളിലെ മലയാളം അധ്യാപകനായ സംഗീത് തിരുവില്വാമലയിലാണ് താമസിക്കുന്നത്. കർക്കിടക വാവു ദിവസമായ ഇന്നലെ തിരുവില്വാമലയിൽ നിന്നും പാലാ പുലിയന്നൂരിൽ സെറാഫിക് കോൺവെൻ്റിൽ വിശ്രമജീവിതം നയിക്കുന്ന സിസ്റ്ററിന് സംഗീത് ബുക്ക് നേരിട്ടു കൈമാറി. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തൻ്റെ കത്ത് സൂക്ഷിച്ചു വച്ച് അത് അനുഭവക്കുറിപ്പിൽ ചേർത്തതിൽ അത്യധികം സന്തോഷമുണ്ടെന്ന് സിസ്റ്റർ ജൂഡിത്ത് പറഞ്ഞു. ഡോ. സംഗീത് രവീന്ദ്രൻ്റെ ഒമ്പതാമത്തെ പുസ്തകമാണ് 'വേരുകൾ ചിരിക്കാറുണ്ട്''.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.