Subscribe Us



മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് നേരെ വധശ്രമം: പാലായിൽ മാധ്യമ പ്രവർത്തകർ ഗാന്ധിസ്ക്വയറിൽ പ്രതിഷേധിച്ചു

പാലാ: മറുനാടൻ മലയാളി വാർത്താചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് എതിരെ നടന്ന വധശ്രമത്തിനെതിരെ പാലാ മീഡിയാ അക്കാദമിയുടെ നേതൃത്വത്തിൽ ഓൺലൈൻ മാധ്യമപ്രവർത്തകർ പാലാ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ പ്രതിഷേധം സംഘടിപ്പിച്ചു. മീഡിയാ അക്കാദമി പ്രസിഡൻ്റ് എബി ജെ ജോസ് (പാലാ ടൈംസ്) പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവുമുള്ള നാട്ടിൽ ഷാജൻ സ്കറിയയ്ക്കെതിരെ നടന്ന വധശ്രമം ഞെട്ടിക്കുന്നതാണ്. സത്യത്തിൻ്റെ വായ മൂടിക്കെട്ടാനുള്ള ഇത്തരം ശ്രമങ്ങളെ ജനങ്ങൾ പരാജയപ്പെടുത്തണം. വധശ്രമത്തെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടുകൾ ഗൗരവകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മീഡിയാ അക്കാദമി സെക്രട്ടറി തങ്കച്ചൻ പാലാ (കോട്ടയം മീഡിയാ) അധ്യക്ഷത വഹിച്ചു. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പത്രപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. കേരളത്തിലും സ്ഥിതിയും ഭയാനകമായിക്കഴിഞ്ഞു. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മാധ്യമ പ്രവർത്തകരുടെ മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാർത്തകൾ തെറ്റാണെങ്കിൽ നിയമമാർഗ്ഗം സ്വീകരിക്കാമെന്നിരിക്കെ നിയമം കൈയ്യിലെടുക്കുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് തങ്കച്ചൻ പാലാ ചൂണ്ടിക്കാട്ടി.
ഷാജൻ സ്കറിയയെ ആക്രമിച്ചവർക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മീഡിയ അക്കാദമി വൈസ് പ്രസിഡൻ്റ് സാംജി പഴേപറമ്പിൽ(പൈക ന്യൂസ്) പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മീഡിയാ അക്കാദമി ഭാരവാഹികളായ ഫാ ജെയ്മോൻ നെല്ലിക്കുന്നുചെരിവ്പുരയിടം (പാലാ വിഷൻ), അനിൽ ജെ തയ്യിൽ (ട്രാവൻകൂർ ന്യൂസ് ), അഡ്വ ജോസ് ചന്ദ്രത്തിൽ വോയ്സ് ഓഫ് പാലാ), പ്രിൻസ് ചാത്തനാട്ടുകുന്നേൽ(ടുഡേ ലൈവ് ന്യൂസ്), എം ആർ രാജു(കോട്ടയം ന്യൂസ്), സുധീഷ് നെല്ലിക്കൽ (ഡെയ്ലി മലയാളി), അരുൺ കെ എബ്രാഹം ( ന്യൂസ് പാലാ) തുടങ്ങിയവർ പ്രസംഗിച്ചു. 
എന്തു പ്രശ്നങ്ങൾ ഉണ്ടായാലും സത്യസന്ധമായ വാർത്തകൾ പുറത്തുകൊണ്ടുവരുമെന്ന് സമരത്തിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. ഷാജൻ സ്കറിയയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.

Post a Comment

0 Comments