പാലാ: പുനർനിർമ്മിച്ച പൂവത്തോട് സെന്റ് തോമസ് ഇടവക ദേവാലയത്തിന്റെ കൂദാശകർമ്മം സെപ്റ്റംബർ 7 ഞായർ രണ്ടുമണിക്ക് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
2023 ജൂലൈ മൂന്നിന് ശിലാസ്ഥാപനം നടത്തിയ ദേവാലയത്തിന്റെ നിർമ്മാണം ഏകദേശം രണ്ടുവർഷംകൊണ്ട് പൂർത്തിയായി. പാലാ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ ചിക്കാഗോ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരും കൂദാശ കർമ്മത്തിൽ പങ്കെടുക്കും.
പാലാ രൂപതയിലെ വികാരി ജനറാൾമാർ വൈദികർ സന്ന്യസ്തർ തുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും.
1887 ഏപ്രിൽ 17നാണ് പൂവത്തോട് ഇടവക സമൂഹം രൂപം കൊള്ളുന്നത്. ഭരണങ്ങാനം ആനക്കല്ല് ഇടവകയുടെ ഭാഗമായിരുന്ന 204 കുടുംബങ്ങൾ പൂവത്തോട് ഇടവകസമൂഹത്തിന്റെ ഭാഗമായി. പുലിക്കുന്നേൽ സ്കറിയ കത്തനാരും തുരുത്തിയിൽ ഔസേപ്പ് കത്തനാരും ആണ് ആദ്യകാല വികാരിമാരായി ഇടവക സമൂഹത്തിന് നേതൃത്വം കൊടുത്തത്.
ഇപ്പോഴത്തെ വികാരി ഫാ. ജേക്കബ് പുതിയാപറമ്പിൽ 42മത്തെ വികാരിയാണ്. ഇടവകയിൽ ഇന്ന് 320 കുടുംബങ്ങളുണ്ട്. സി എസ് ഡി വൈദികരുടെയും തിരുഹൃദയ സന്യാസിനികളുടെയും നസ്രത്ത് സന്യാസിനികളുടെയും ഓരോ ഭവനങ്ങൾ ഇടവകയിൽ സേവനം ചെയ്യുന്നു.
കൂദാശ കർമ്മം സംബന്ധിച്ച് വിവരങ്ങൾ പാലാമീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പള്ളി വികാരി ഫാദർ ജേക്കബ് പുതിയാപറമ്പിൽ കൈകാരന്മാരായ ജോസ് ജോസഫ് ഞായർകുളം, കെ സി മാത്യു കുറ്റിയാനിക്കൽ, പ്രസാദ് ദേവസ്യ പേരക്കാട്ട്, ബിജെപി സെബാസ്റ്റ്യൻ പെരുവാച്ചിറ, ജോജോ ജോസഫ് കാക്കാനി തുടങ്ങിയവർ വിശദമാക്കി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.