Subscribe Us



വോളിബോളിനായി ജീവിച്ച ജോഫി ജോർജ് വിടവാങ്ങിയത് കിരീട നേട്ടത്തിന്റെ ആരവമടങ്ങും മുൻപ്

വരന്തരപ്പിള്ളി: അവസാനനിമിഷം വരെയും വോളിബോൾ ആയിരുന്നു ജോഫിയുടെ ജീവശ്വാസം. കണ്ണൂരിൽ നടന്ന സംസ്‌ഥാന സ്‌കൂൾ വോളിബോൾ അണ്ടർ 19 ആൺ വിഭാഗത്തിൽ ജോഫി ജോർജ് പരിശീലിപ്പിച്ച തൃശൂർ ജില്ലാ ടീം ഒന്നാം സ്‌ഥാനം നേടിയതിന്റെ ആഹ്ലാദാരവം തീരുംമുൻപാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ജോഫിയുടെ വിയോഗവാർത്തയെത്തിയത്.

ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും ടൂർണമെന്റിലുടനീളം ജോഫിയുടെ സാന്നിധ്യം സജീവമായിരുന്നു. 
വെള്ളിയാഴ്ച പുലർച്ചെയാണ് അഭിമാനനേട്ടവുമായി ജോഫിയും ടീമും തൃശൂരിൽ തിരിച്ചെത്തിയത്. 

ടീമിലെ 7 പേർ ജോഫി പരിശീലനം നൽകുന്ന സിജെ എംഎഎച്ച്എസ്എസ് ടീമിലെ വിദ്യാർഥികൾ കൂടിയാണ്. 15 വർഷം പിന്നിട്ട അളഗപ്പനഗറിലെ റെഡ്‌ലാൻഡ്‌സ് സെന്റർ ഓഫ് എക്‌സലൻസ് ഫോർ വോളിബോൾ എന്ന റെഡ് ലാൻഡ്‌സ് അക്കാദമി സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിക്കുമ്പോൾ അതിനു പിന്നിൽ ചീഫ് കോച്ചായ ജോഫി ജോർജിൻ്റെ പരിശ്രമം അവിസ്മരണീയമാണ്. അക്കാദമിയിലെ ജിബിൻ ജോബ് എന്ന രാജ്യാന്തര താരമുൾപ്പെടെ ആറുപേർ ദേശീയ ടീമിൻ്റെ പരിശീലന താരങ്ങളും 300 ജില്ലാതാരങ്ങളും ഇവിടെ നിന്നു വളർന്നുവന്നു. നെവിൽ, ആദി ജ്യോതീശ്വർ എന്നിവർ ഈ വർഷത്തെ ക്യാംപിലുണ്ട്. 120 സംസ്‌ഥാന ലോക സ്‌കൂൾ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ക്യാംപിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 
ജോഫി ജോർജിനൊപ്പം ഭാര്യയും മുൻ രാജ്യാന്തര താരവുമായ മേഴ്സി ആന്റണി അക്കാദമിയുടെ സഹ പരിശീലകയാണ്. 

പാലാ ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ സാബു കൂടപ്പാട്ടിൻ്റെ സഹോദരിയാണ് മേഴ്സി ആൻ്റണി.

ജോഫി ജോർജിൻ്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, ജോസ് കെ മാണി എം പി, കെ ഫ്രാൻസീസ് ജോർജ് എം പി, മാണി സി കാപ്പൻ എം എൽ എ, മോൻസ് ജോസഫ് എം എൽ എ തുടങ്ങിയവർ അനുശോചിച്ചു.

Post a Comment

0 Comments