പാലാ: എക്‌സൈസ് വകുപ്പിൻ്റെ പരിശോധനയ്ക്കിടെ കുറുപ്പന്തറയിൽ മാരക മയക്കുമരുന്നായ എം ഡി എം എ 22 എണ്ണവും അര ഗ്രാം ഹാഷിഷും പിടികൂടിയതായി വൈക്കം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മജു റ്റി എം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടു തിടനാട് ചെങ്ങഴശ്ശേരിൽ ബെൻജോസ് ബിനോയ് (20), കാഞ്ഞിരപ്പള്ളി കപ്പാട് തൈപ്പറമ്പിൽ ജെറമിയ മാനുവൽ (21) എന്നിവരെയും ഇവർ സഞ്ചരിച്ചിരുന്ന KL 35 F 4455 നമ്പർ മഹീന്ദ്ര കാറും കസ്റ്റഡിയിൽ എടുത്തതായി എക്സൈസ് അറിയിച്ചു.
ഇത്രയും അളവിൽ എംഡിഎംഎ പിടികൂടിയാൽ 10 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് അധികൃതർ അറിയിച്ചു. എംഡിഎംഎ ഒരു ഗുളികയ്ക്കു ഡ്രഗ് മാർക്കറ്റിൽ 4500 രൂപവരെ വിലവരുന്നവയാണ്.
ഉപയോഗിക്കുന്നവരുടെ ഇടയിൽ ഇതിനെ ടിക് ടാക് എന്നാണ് വിളിച്ചു വരുന്നത്.
വൈക്കം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മജു റ്റി എം ന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സി സാബു, അനീഷ്കുമാർ കെ വി, മേഘനാദൻ പി എ, സിവിൽ എക്സൈസ് ഓഫീസർമാരായ ആനന്ദരാജ് ബി, തോമസ് ചെറിയാൻ, രാജേഷ് പി ആർ, തൻസിർ ഇ എ, പ്രമോദ് പി, മഹാദേവൻ എം എസ്, സിദ്ധാർഥ് എസ്, മഹേഷ് പി പി, സുമേഷ് വി വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ധന്യമോൾ എം പി, ചിത്ര എസ്, എക്സൈസ് ഡ്രൈവർമാരായ സന്തോഷ് ടി ഡി, സാജു ടി വി എന്നിവർ പങ്കെടുത്തു.
കടുത്തുരുത്തി റേഞ്ച് ആഫീസിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതികളെ വൈക്കം കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്ത് പാലാ സബ് ജയിലിലേയ്ക്ക് അയച്ചു. പാലാ ജനറല്‍ ആശുപത്രിയില്‍ കൊറോണ പരിശോധനയ്ക്ക് ശേഷമേ ഇവരെ ജയിലില്‍ പ്രവേശിപ്പിക്കുകയുള്ളൂ.
കൂടുതല്‍ എണ്ണം പിടികൂടിയതിനാല്‍ ഇവര്‍ ജില്ലയില്‍ വിതരണത്തിന് എത്തിച്ച മയക്കുമരുന്നാണോ അതോ സ്വന്തം ഉപയോഗത്തിനായി കൊണ്ടുവന്നതാണോ ഇതെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.