കോട്ടയം: കോവിഡ് സമൂഹവ്യാപനം തടയുന്നതിനുള്ള പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും കര്‍ശന നടപടികള്‍ സ്വീകരിക്കുവാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും നിയന്ത്രണം നിലവിലുണ്ടെങ്കിലും ജില്ലയില്‍ ഇത് ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നീരീക്ഷണവും നടപടികളും ശക്തമാക്കാന്‍ തീരുമാനിച്ചത്.
പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവുമായിരിക്കും കേസെടുക്കുക. ഉള്‍നാടന്‍ മേഖലകളില്‍ ഉള്‍പ്പെടെ പോലീസ് നിരീക്ഷണം ഊര്‍ജ്ജിതമാക്കും. ഇതിനായി ഡ്രോണുകള്‍ ഉപയോഗിക്കും. രോഗപ്രതിരോധ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അടുത്ത പോലീസ് സ്‌റ്റേഷനിലോ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ വാട്‌സപ്പ് മുഖേനയോ(നമ്പര്‍-9446562236) വിവരം നല്‍കാം.
വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് ഉടമകളുടെ മാത്രം ഉത്തരവാദിത്വമാണ്. ഇതിന് ക്രമീകരണം ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും ഗുരുതര വീഴ്ച്ചകളുണ്ടായാല്‍ ലൈസന്‍സ് റദ്ദാക്കുന്നത് പരിഗണിക്കാനും യോഗം തീരുമാനിച്ചു. മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, പൊതു സ്ഥലങ്ങളില്‍ തുപ്പുക തുടങ്ങിയ വീഴ്ച്ചകള്‍ക്ക് പോലീസ് പിഴ ഈടാക്കും.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടെങ്കിലും സുരക്ഷിത അകലത്തില്‍ മാത്രമേ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാവൂ. കോട്ടയം നഗരത്തില്‍ ഉള്‍പ്പെടെ മുന്‍കരുതലുകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, കൂള്‍ ബാറുകള്‍ തുടങ്ങിയവയുടെ ഉടമകള്‍ക്കെതിരെ നടപടിയുണ്ടാകും.
ജില്ലയിലെ മത്സ്യവിപണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നിരന്തര നിരീക്ഷണം ഏര്‍പ്പെടുത്തും.
ജനങ്ങള്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ എല്ലാവരും വായും മൂക്കും മൂടുന്ന വിധത്തില്‍ മാസ്‌ക് ധരിച്ചിരിക്കണം. ഒന്നിലധികം ആളുകള്‍ ഒന്നിച്ച് വാഹനത്തില്‍ സഞ്ചരിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. പുനരുപയോഗ സാധ്യമല്ലാത്ത മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയാതെ മറവുചെയ്യണം.
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. ഓണ്‍ലൈന്‍ സേവനങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണം. സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് മേലുദ്യോഗസ്ഥരും ഉടമകളും ഉറപ്പാക്കണം.
ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായുള്ള ശുചീകരണവും സാമൂഹിക അകലവും കര്‍ശനമായി തുടരണം. കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ കൈകള്‍ ശുചീകരിക്കുന്നതിന് സോപ്പോ സാനിറ്റൈസറോ വച്ചിരുന്ന പല പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഇപ്പോള്‍ ഇവ ഇല്ലെന്ന് സമിതി വിലയിരുത്തി. ജനപ്രതിനിധികളും പൊതുജനങ്ങളും മുന്‍കൈ എടുത്ത് കാമ്പയിന്‍ വീണ്ടും സജീവമാക്കണം.
ജില്ലയില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ തമ്മില്‍ സുരക്ഷിത അകലം ഉറപ്പാക്കണം. യാത്രക്കാരെ നിര്‍ത്തിക്കൊണ്ട് പോകാന്‍ പാടില്ല. ബസ് ജീവനക്കാര്‍ തമ്മിലുള്ള സമ്പര്‍ക്കവും സ്റ്റാന്റുകളില്‍ എത്തിയശേഷം കൂട്ടം കൂടുന്നതും കര്‍ശനമായി ഒഴിവാക്കണം.
ഓട്ടോറിക്ഷകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റാന്‍ പാടില്ല. ഓട്ടോ സ്റ്റാന്‍ഡുകളില്‍ ഒന്നിലധികം ഡ്രൈവര്‍മാര്‍ ഓട്ടോറിക്ഷയിലിരുന്ന് സംസാരിക്കുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം.
കായികപ്രവര്‍ത്തനങ്ങള്‍ക്കായി കൂട്ടം ചേരുന്നതിന് നിരോധനം നിലവിലുണ്ട്. എന്നാല്‍ ജില്ലയില്‍ പല കേന്ദ്രങ്ങളിലും കുട്ടികളും മുതിര്‍ന്നവരും ക്രിക്കറ്റ്, ബാസ്‌ക്കറ്റ്‌ബോള്‍, തുടങ്ങിയ മത്സരങ്ങള്‍ നടത്തുന്നതും ജലാശയങ്ങളില്‍ ഇറങ്ങുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പോലീസ് നിരീക്ഷണത്തില്‍ ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും.
സംഘം ചേര്‍ന്ന് ജലാശയങ്ങളില്‍ ചൂണ്ടയിടാനായി പോകുന്നതും നിയന്ത്രണത്തിന്റെ ലംഘനമായി പരിഗണിക്കപ്പെടും. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.
ലോക് ഡൗണുമായി ബന്ധപ്പെട്ട പ്രധാന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തുന്നവരുണ്ട്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പലര്‍ക്കും ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ ഇത്തരം ഭവനസന്ദര്‍ശനങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തും. ഭവന സന്ദര്‍ശനം ഒഴിവാക്കാനും നിരുത്സാഹപ്പെടുത്താനും എല്ലാവരും ജാഗ്രത പുലര്‍ത്തണം.
കച്ചവടം, വിവിധ പ്രചാരണ പരിപാടികള്‍, ഭിക്ഷാടനം തുടങ്ങിയവയ്ക്കായി വീടുവീടാന്തരം കയറിയിറങ്ങുന്നതിനും നിരോധനമുണ്ട്. ഇത്തരം സന്ദര്‍ശകരെ കര്‍ശനമായി വിലക്കുകയും പോലീസ് സ്‌റ്റേഷനില്‍ വിവരം നല്‍കുകയും വേണം.
ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ കൂടെ നില്‍ക്കുന്നവര്‍ ഒഴികെയുള്ളവര്‍ സന്ദര്‍ശിക്കേണ്ടതില്ല. രോഗവിവരങ്ങള്‍ ഫോണിലൂടെ അന്വേഷിച്ചാല്‍ മതിയാകും. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിൽ രോഗികളെ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങളുടെ പേരില്‍ ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.