Subscribe Us



കത്തോലിക്കാ വൈദികനും രംഗത്ത്..! കടുവാക്കുന്നേല്‍ കുറുവച്ചന്‍ കൂടുതല്‍ നിയമക്കുരുക്കിലേക്കോ?  

പാലാ: കടുവാക്കുന്നേല്‍ കുറുവച്ചന്‍' കൂടുതല്‍ നിയമക്കുരുക്കിലേക്ക്; സിനിമയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് യഥാര്‍ത്ഥ കഥയിലെ മറ്റൊരു കഥാപാത്രമായ വൈദികന്‍. കോവിഡ് കാലത്തെ ലോക്ഡൗണിലാണ് സിനിമാശാലകളെങ്കിലും, കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയും, അതിലെ കഥാപാത്രവും  ചര്‍ച്ചയായിക്കഴിഞ്ഞു....   സുരേഷ്‌ഗോപി നായകനാകുന്ന കടുവാക്കുന്നേല്‍ കുറുവച്ചന്റെയും, പ്രിത്വിരാജ് നായകനാകുന്ന കടുവയുടെയും, കഥയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ്, ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചത്.


കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയ്ക്കടിസ്ഥാനമായ യഥാര്‍ത്ഥ നായകന്‍ കഴിഞ്ഞ ദിവസം തന്റെ അനുവാദമില്ലാതെ ചിത്രം പുറത്തിറക്കാന്‍ സമ്മതിക്കുകയില്ലെന്നു വെളിപ്പെടുത്തിയിരുന്നു. കൂടാതെ മോഹന്‍ലാലോ സുരേഷ് ഗോപിയോ തന്റെ ഭാഗം ചെയ്യണമെന്ന ആവശ്യവും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ വേഷം സുരേഷ്‌ഗോപി ചെയ്യുന്നതിനെ അദ്ദേഹം അനുകൂലിക്കുകയും തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍ സിനിമയെക്കുറിച്ചു സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുമായി നായകന്‍ നടത്തുന്ന നിയമ പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിലും പ്രമേയമാകുന്നത്.  ആ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് ജീവിച്ചിരുപ്പില്ലെങ്കിലും കഥയില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍കൂടി ഇന്ന് ജീവിച്ചിരുപ്പുണ്ട്. ഒരു കത്തോലിക്കാ വൈദികന്‍..  ഏകദേശം 28 വര്‍ഷം മുമ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഈ സംഭവം....  അദ്ദേഹത്തെ ഉള്‍പ്പെടുത്താതെ ഈ സിനിമ പൂര്‍ണമാക്കാന്‍ സാധ്യമല്ല. ഒരു ഓര്‍ഗനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഈ വിഷയത്തിന് ആധാരം.  ഇറങ്ങാനിരിക്കുന്ന ചിത്രത്തില്‍ നായകനെ വെള്ളപൂശാന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വൈദികന്‍ പാലാ ടൈംസിനോട് പറഞ്ഞു.
സിനിമയ്‌ക്കോ സിനിമാപിടുത്തത്തിനോ എതിരല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി. വൈദികരെ ബോധപൂര്‍വ്വം സിനിമകളില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് അടുത്ത കാലത്ത് ഫാഷനായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം നടപടികള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാത്തതിനാല്‍ അതു മുതലെടുത്തു അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അനുവദിക്കുകയില്ലെന്നും നിയമപരമായി നടപടിയെടുക്കുമെന്നും വൈദികന്‍ പറഞ്ഞു.

വൈദികന്റെ വെളിപ്പെടുത്തല്‍ സിനിമയെ കൂടുതല്‍ നിയമക്കുരുക്കിലേയ്ക്ക് എത്തിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. കൈയ്യടി നേടാന്‍ വസ്തുതകള്‍ക്കു വിരുദ്ധമായി വൈദികരെ കോമാളികളോ വില്ലന്മാരോ ആയി ചിത്രീകരിക്കുന്ന സിനിമകള്‍ പുറത്തിറക്കാറുണ്ട്. ഈ രീതിയില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് വൈദികന്റെ വെളിപ്പെടുത്തല്‍.

Post a Comment

0 Comments