ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്. വിവിധ കര്‍ഷക സംഘടനകള്‍ ആണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷം ഉയര്‍ത്തിയ വന്‍ പ്രതിഷേധത്തിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് സുപ്രധാന കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസ്സാക്കിയെടുത്തത്. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. പ്രതിപക്ഷ പ്രതിഷേധവും കാര്‍ഷിക പ്രതിഷേധവും ശക്തമാകുന്നതിനിടെ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടാണ്. ഹരിയാനയിലും പഞ്ചാബിലും അടക്കം കര്‍ഷകര്‍ ദിവസങ്ങളായി കേന്ദ്ര നയത്തിന് എതിരെ സമരത്തിലാണ്. തങ്ങളുടെ ഉല്‍പന്നങ്ങള്‍ കര്‍ഷകര്‍ക്ക് ഏത് വിപണിയിലും വിറ്റഴിക്കാനുളള അനുമതി നല്‍കുന്നതാണ് കാര്‍ഷിക ബില്ലുകളിലൊന്ന്. രണ്ടാമത്തേത് സ്വകാര്യ ക്മ്പനികള്‍ക്ക് കരാര്‍ കൃഷിക്ക് അവസരമൊരുക്കുന്നതാണ്. ഈ രണ്ട് ബില്ലുകളും കാര്‍ഷിക രംഗത്തെ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതാണ് എന്നാണ് പ്രതിപക്ഷവും കാര്‍ഷിക സംഘടനകളും ആരോപിക്കുന്നത്. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ താങ്ങുവില ഉറപ്പാക്കുന്നില്ലെങ്കിലും സാധാരണക്കാരുടെ ഭക്ഷ്യ സുരക്ഷ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറുകയാണെങ്കിലും രാജ്യവ്യാപക പ്രക്ഷോഭം നടക്കുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വിഎം സിംഗ് പ്രതികരിച്ചു.
രാജ്യസഭയിലും പാസ്സായതിന് ശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ് കാര്‍ഷിക ബില്ലുകള്‍. ഈ ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കരുതെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചാബിലും ഹരിയാനയിലും ശക്തമായ സമരപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. റോഡ് ഉപരോധം അടക്കമുളള സമരങ്ങള്‍ നടക്കുന്നു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.