തിരുവനന്തപുരം: കാരേറ്റില്‍ കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് മറിഞ്ഞ് നാല് പേര്‍ മരിച്ചു. ഒരാള്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. കൊലപാതകം ഉള്‍പ്പെടെ ഇരുപത് കേസുകളില്‍ പ്രതിയായ ഗുണ്ടാസംഘാംഗം ലാല്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്.
കിളിമാനൂരിനും വെഞ്ഞാറമൂടിനും ഇടയിലെ കാരേറ്റില്‍, ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് വഴിയരുകിലെ കലുങ്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വെഞ്ഞാറമൂട് സ്വദേശി ഷെമീര്‍,കടയ്ക്കല്‍ സ്വദേശി പീര്‍ മുഹമ്മദ്, കവടിയാര്‍ സ്വദേശി നജീബ്, കഴക്കൂട്ടം സ്വദേശി ലാല്‍ എന്നിവരാണ് മരിച്ചത്. വെഞ്ഞാറമൂട് പാലാംകോണം സ്വദേശി നിവസാണ് ഗുരുതര പരുക്കുകളോടെ ചികിത്സയിലുള്ളത്. സുള്‍ഫി എന്ന് വിളിക്കുന്ന പീര്‍ മുഹമ്മദിന്റെ കടയ്ക്കലെ വീട്ടില്‍ ഒത്തുകൂടിയ ശേഷം മടങ്ങും വഴിയായിരുന്നു അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറില്‍ നിന്ന് മദ്യക്കുപ്പി ഉള്‍പ്പെടെ കണ്ടെടുത്തതിനാല്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണമെന്നും കരുതുന്നു.
മരിച്ച ലാല്‍ ഓംപ്രകാശും അപ്രാണി ബിജും ഒക്കെ ഉള്‍പ്പെടുന്ന ഗുണ്ടാംസംഘത്തിലെ അംഗമാണ്. കൊലപാതകവും വധശ്രമവും ഉള്‍പ്പെടെ ഇരുപതിലേറെ കേസുകളില്‍ പ്രതിയായ ലാല്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. മരിച്ചവരില്‍ ലാലും ഉള്‍പെട്ടതോടെ ഇവരുടെ യാത്രയേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.