പാലാ: ചേർപ്പുങ്കലിൽ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻ്റ് റിസേർച്ചസിനു തുടക്കമായി. മധ്യതിരുവിതാംകൂറിലെ ടെർഷ്യറി കെയർ ആശുപത്രിയായ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സഹോദരസ്ഥാപനമാണിത്.
പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പുതുതലമുറയ്ക്ക് ആരോഗ്യമേഖലയിൽ മികച്ച ഭാവി എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാർ സ്ലീവാ സ്കൂൾ ഓഫ് നേഴ്സിങ്ങിന്റെ തുടർച്ചയാണ് പുതിയ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. അതിലൂടെ മെഡിക്കൽ വിദ്യാഭ്യാസരംഗത്തേക്ക് മാർ സ്ലീവാ മെഡിസിറ്റി കാലെടുത്തു വയ്ക്കുകയാണെന്ന് ബിഷപ്പ് പറഞ്ഞു.
ചടങ്ങിൽ പാലാ രൂപതയുടെ മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ, രൂപത പ്രൊക്യൂറേറ്റർ ഫാ. ജോസ് നെല്ലിക്കാത്തെരുവിൽ, ഡയറക്ടർ ഫാ. ജോസഫ് പര്യാത്ത്, മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ് എന്നിവർ സംസാരിച്ചു.
ക്രിസ്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നീഷ്യൻ, ഡിപ്ലോമ ഇൻ അനസ്തേഷ്യാ, ക്രിട്ടിക്കൽ കെയർ, ഡിപ്ലോമ ഇൻ എമർജൻസി കെയർ തുടങ്ങിയ കോഴ്സുകളിലേക്കാണ് ആദ്യ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് 2 സയൻസ് പഠനം കഴിഞ്ഞ് നിൽക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. 2 വർഷത്തെ കോഴ്സുകളാണ് ഒരുക്കിയിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള പഠനസൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ക്ലാസ് റൂം പഠനത്തിനു പുറമെ പ്രവർത്തി പരിചയം കൂടെ ലഭ്യമാക്കുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. വിദഗ്ദ്ധ ഡോക്ടർമാരുടെ കീഴിൽ അതാതു വിഷയം പഠിക്കുവാൻ സാധിക്കുമെന്നത് ഇവിടെ ചേരുന്ന വിദ്യാർഥികൾക്ക് ഒരു നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അവരുടെ കഴിവുകളും ചികിത്സാ രീതികളും നേരിൽ കണ്ട് പഠിക്കുവാനും ഇത് മൂലം കുട്ടികൾക്ക് സാധിക്കുന്നു. പഠന ശേഷം ഉടൻ തന്നെ മെഡിക്കൽ മേഖലയിൽ ജോലി നേടുവാൻ സാധിക്കുമെന്നതും പ്രസ്തുത കോഴ്സുകളുടെ പ്രത്യേകതയാണ്. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സിന് 10 സീറ്റുകളും ഡിപ്ലോമ ഇൻ അനസ്തേഷ്യാ, ക്രിട്ടിക്കൽ കെയർ കോഴ്സിനായി 6 സീറ്റുകളുമാണ് ആദ്യ ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. നഴ്സുമാർക്കായി ഒന്നര വർഷത്തെ ഡിപ്ലോമ ഇൻ എമർജൻസി കെയറിൽ 6 സീറ്റുകളുമാണ് മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് റിസേർച്ചിൽ ഉള്ളത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.