പാലാ: ചാവറ പബ്ളിക് സ്കൂളിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നായി മാറ്റിയെടുക്കാൻ നേതൃത്വം നൽകിയ പ്രിൻസിപ്പൽ ഫാ മാത്യു കരീത്തറയ്ക്ക് സ്ഥലം മാറ്റം. കൂത്താട്ടുകുളം മേരിഗിരി സ്കൂളിൻ്റെ പ്രിൻസിപ്പലായിട്ടാണ് പുതിയ നിയമനം. ഫാ കരീത്തറയ്ക്കൊപ്പം സ്കൂളിൻ്റെ പുരോഗതിക്കു നേതൃത്വം നൽകിയ സ്കൂളിൻ്റെ അഡ്മിനിസ്ട്രേറ്റർ ഫാ സാബു കൂടപ്പാട്ട് പുതിയ പ്രിൻസിപ്പലായി ചുമതയേൽക്കും.
ഒരു പതിറ്റാണ്ടിലേറെക്കാലത്തിലേറെ പ്രിൻസിപ്പൽ പദവിയിൽ ഇരുന്ന ഫാ കരീത്തറയുടെ കാലത്താണ് സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചത്. സ്കൂളിലെ വിദ്യാർത്ഥികൾക്കെന്ന പോലെ മാതാപിതാക്കൾക്കും ഏറെ പ്രിയപ്പെട്ട വ്യക്തിത്വമാണ് ഫാ കരീത്തറ. സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചതും ഫാ കരീത്തറയുടെ കാലത്താണ്.
നാലായിരത്തോളം വരുന്ന ഓരോ കുട്ടികളെയും പേരെടുത്ത് വിളിക്കുവാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു. തൻ്റെ അടുത്തു വരുന്ന കുട്ടികളോട് മാതാപിതാക്കളുടെ പേര് പറഞ്ഞു വിശേഷം തിരക്കാനുള്ള കഴിവും ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. കുട്ടികളോടുള്ള സൗഹൃദം തുടരുമ്പോഴും പഠനകാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു.
സ്കൂളിൽ സംഘടിപ്പിക്കാറുള്ള മീറ്റിംഗുകളിൽ കുട്ടികളുടെ ഏറ്റവും കൂടുതൽ കൈയ്യടി നേടുന്നതും ഫാ കരീത്തറയായിന്നു. കേവലം പ്രിൻസിപ്പൽ സ്ഥാനത്തുള്ള ആളെന്ന നിലയിൽ മാത്രം ആയിരുന്നില്ല കുട്ടികളുടെ ഫാ കരീത്തറയോടുള്ള സ്നേഹം. അതുപോലെ തന്നെ കുട്ടികളെ കരുതലോടെ ചേർത്തു നിർത്താനും അദ്ദേഹത്തിന് സാധിച്ചു. ഇതു കൊണ്ടു തന്നെ കുട്ടികളുടെ പ്രിയപ്പെട്ട പ്രിൻസിപ്പലച്ചനും കരീത്തറയച്ചനും ആകാൻ ഫാ കരീത്തറയ്ക്കു കഴിഞ്ഞു.
സ്കൂളിന് ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ കരീത്തറയുടെ കാലത്ത് സാധിച്ചു. ഉന്നത വിജയശതമാനം എപ്പോഴും നേടാൻ കഴിയുന്ന നിലയിലേയ്ക്ക് സ്കൂളിനെ വളർത്തിയെടുക്കാൻ അദ്ദേഹത്തിൻ്റെ കാലത്ത് കഴിഞ്ഞു. പാഠ്യേതര കാര്യങ്ങളിലും സ്കൂൾ ബഹുദൂരം മുന്നിലാണ്. ഈ മികവിൻ്റെ അടിസ്ഥാനത്തിൽ വിദേശ മലയാളികൾ തങ്ങളുടെ കുട്ടികളെ ചാവറയിൽ ചേർക്കാൻ ഓരോ അധ്യയന വർഷാരംഭത്തിലും മത്സരിക്കകയാണിപ്പോൾ.
സ്കൂളിൽ നിന്നുള്ള സ്റ്റഡി ടൂർ അമേരിക്കയിലെ നാസയിലേയ്ക്ക് സംഘടിപ്പിക്കാനും ഫാ കരീത്തറ മുൻകൈയ്യെടുത്തു. ചാവറ പബ്ളിക് സ്കൂളിനെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റുകയും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയും ചെയ്ത ചാരിതാർത്ഥ്യത്തോടെയാണ് ഫാ മാത്യു കരീത്തറ പാലാ ചാവറ പബ്ളിക് സ്കൂളിലെ പടിയിറങ്ങുന്നത്.
ചാവറ സ്കൂളിൻ്റെ ചരിത്രത്തിൽ ഫാ മാത്യു കരീത്തറയുടെ പേര് സുവർണ്ണ ലിപികളിൽ എഴുതി ചേർത്തിട്ടാണ് പുതിയ ദൗത്യത്തിനായുള്ള നിയോഗം ഏറ്റെടുത്തിട്ടുള്ളത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.