പാലാ: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച വസ്ത്രവ്യാപാര സ്ഥാപനത്തിൽ ആളെ ആകർഷിക്കാൻ ഡിസ്ക്കൗണ്ട് സെയിൽ ആരംഭിച്ച നടപടി വിവാദമാകുന്നു. പാലാ മഹാറാണി ജംഗ്ഷനിലെ ഇടപ്പറമ്പിൽ ടെക്സ്റ്റൈൽസ് ആണ് ഡിസ്ക്കൗണ്ട് സെയിൽ ആരംഭിച്ചത്. ഡിസ്ക്കൗണ്ടിനെത്തുടർന്നു കടയിൽ തിരക്ക് വർദ്ധിച്ചതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
സ്ഥാപനത്തിൽ കോവിഡ് സ്ഥിരീകരിച്ചാലും ഉടനടി അടച്ചിടേണ്ട എന്ന സർക്കാർ നയത്തിൻ്റെ മറവിലാണ് സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നത്. ഇതിൽ പാലായിൽ ആശങ്ക പടർന്നിട്ടുണ്ട്.
ഇവിടെ നാലു ജീവനക്കാർക്കാണ് കോവിഡ്. പാലാ, പൂഞ്ഞാർ തെക്കേക്കര, മീനച്ചിൽ, പൂഞ്ഞാർ സ്വദേശികളാണിവർ.
ഇവർക്കൊപ്പം കൂട്ടത്തിൽ ജോലി ചെയ്തവരോടും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ജോലി ചെയ്തവരോടും ക്വാറൈൻറയിനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേഗിച്ചിട്ടുണ്ട്. നൂറിലേറെ ജീവനക്കാരുള്ളതിൽ പകുതിയിൽ താഴെ ആളുകളേ ഇപ്പോൾ ഉള്ളൂവെന്നാണ് ഉടമ അധികൃതരെ അറിയിച്ചിട്ടുള്ളത്.
കടകൾ അടപ്പിക്കാതെ കരുതൽ എടുക്കുക എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. ഇവിടുത്തെ ചില ജീവനക്കാരെ ഇന്ന് കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയിട്ടുണ്ട്. പരിശോധനയ്ക്കു വിധേയരായവർ വീട്ടിലേയ്ക്കു പോകണമെന്ന നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്.
അതേസമയം ഇവിടെ നിന്നും കോവിഡ് പടരാനുള്ള സാധ്യത അധികൃതർ നിഷേധിച്ചിട്ടില്ല. എ സി ഉൾപ്പെടെ പ്രവത്തിക്കുന്നതിനാൽ വ്യാപന സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ.
തെരഞ്ഞെടുക്കപ്പെട്ട ഇനങ്ങൾക്കു 30 മുതൽ 70 വരെ ശതമാനം കിഴിവെന്ന വർഷങ്ങൾ പഴക്കമുള്ള ബാനർ കെട്ടിവച്ചാണ് ആളുകളെ ആകർഷിക്കുന്നത്.
ഡിസ്ക്കൗണ്ട് എന്നു കേട്ടാൽ ഓടി ചെല്ലുന്ന മലയാളിയെ കോവിഡ് സ്ഥിരീകരിച്ചിട്ടും മാടി വിളിക്കുന്ന ഉടമയുടെ നടപടിക്കെതിരെ ജനരോഷം ഉയർന്നിട്ടുണ്ട്. ഇവിടെ കയറി തിരിച്ചിറക്കുന്നവർ എത്തുന്നതിനാൽ മറ്റു വ്യാപാരികളും ആശങ്കയിലാണ്.
അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ സ്വയം ഒഴിഞ്ഞു നിൽക്കുകയാണ് നല്ലതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.