പാലാ: ഗാന്ധിസന്ദേശം ഉള്‍ക്കൊള്ളാത്തവരും ഗാന്ധിജിയുടെ സഹനങ്ങളും മാതൃകയും വിസ്മരിക്കുന്നവരും ഗാന്ധിഘാതകര്‍ തന്നെയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാചരണത്തിന് മുന്നോടിയായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും ഉപവാസ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.
ഗാന്ധി സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്കും, പാഠമാക്കാത്തവര്‍ക്കും ഗാന്ധിനാമം ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ല. ഗാന്ധിജി നടത്തിയ മദ്യവിരുദ്ധ പോരാട്ടം രാജ്യത്തെ സകല വിപത്തുകളില്‍ നിന്നും രക്ഷിക്കുവാനുള്ളതായിരുന്നു.
രാജ്യത്തിന്റെ ഭരണാധികാരം ഒരിക്കല്‍പോലും ആഗ്രഹിക്കാതിരുന്ന ഗാന്ധിജി ഒരുവേള തനിക്ക് പരമാധികാരം ലഭിച്ചാല്‍ മുഴുവന്‍ മദ്യശാലകളും യാതൊരു പ്രതിഫലവും നല്കാതെ അടച്ചുപൂട്ടുമായിരുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. അത്രയ്ക്കും ഭീകരമാണ് മദ്യവിപത്ത്.
ഗാന്ധി ശിഷ്യരെന്നഭിമാനിക്കുന്നവരും ഗാന്ധിജിയുടെ ഛായാചിത്രം ഓഫീസില്‍ തൂക്കി അതിന്റെ കീഴിലിരുന്ന് ഗാന്ധിനിന്ദ നടത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നു.
പകര്‍ച്ചവ്യാധി കൊടുംപിരികൊള്ളുമ്പോഴും ഒക്‌ടോബര്‍ 3 മുതല്‍ മദ്യശാലകള്‍ പൂര്‍ണ്ണ അളവില്‍ തുറക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണ്. ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുന്ന ഭരണാധികാരികള്‍ മദ്യശാലകള്‍ക്ക് പൂര്‍ണ്ണ അളവില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരം ഒരുക്കുന്നത് 'പുരകത്തുമ്പോള്‍ വാഴവെട്ടുന്നതിന്' തുല്യമാണ്. മദ്യശാലകളും ഒരുപരിധിവരെ കൊറോണ വ്യാപനത്തിന് കാരണമായിട്ടുണ്ട് എന്നുവേണം കരുതാന്‍. പണമുണ്ടാക്കാന്‍ മറ്റൊരു വിപത്തിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോയെ ന്ന് സര്‍ക്കാര്‍ ചിന്തിക്കണം.
ഡയറക്ടര്‍ ഫാ. മാത്യു പുതിയിടത്ത് അദ്ധ്യക്ഷത വഹിച്ചു. ജോസ് കവിയില്‍, ജോസ് ഫ്രാന്‍സിസ്, സിബി പാറന്‍കുളങ്ങര, അലക്‌സ് കെ. എമ്മാനുവേല്‍, സായു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.