Subscribe Us



കൃഷിയിടങ്ങളിലെ സജീവ സാന്നിധ്യത്തിലൂടെ വൈദികന്‍ ശ്രദ്ധേയനാകുന്നു


ചേര്‍പ്പുങ്കല്‍: കൃഷിയിടങ്ങളിലെ സജീവ സാന്നിധ്യംകൊണ്ട് ഒരു വൈദികന്‍ ശ്രദ്ധേയനാകുന്നു.
 ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫൊറോനാപ്പള്ളി വികാരി ഫാ. ജോസഫ് പാനാംപുഴയാണ് പൗരോഹിത്യ ശുശ്രൂഷയ്‌ക്കൊപ്പം കൃഷിയിലൂടെയും ശ്രദ്ധേയനായി മാറിയിരിക്കുന്നത്. 

ഇടവകയിലെ പുരയിടത്തില്‍ പലതരത്തിലുള്ള കൃഷികള്‍ ചെയ്ത് അതില്‍ സംതൃപ്തി നേടുന്നതിനൊപ്പം നാടിനും ജനങ്ങള്‍ക്കും മഹത്തായൊരു സന്ദേശം കൂടി നല്‍കുകയാണ് ഈ പുരോഹിതന്‍. വൈദികവൃത്തിയ്ക്കൊപ്പം കൃഷിയും ദൈവികമായ കാര്യം തന്നെയാണെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. വിത്ത് വിതയ്ക്കപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ കര്‍ഷകന്‍ ഉറങ്ങുമ്പോള്‍ പോലും അത് തനിയെ വളരുകയും ഫലം ചൂടുകയും ചെയ്യുന്നു. ഇത് ദൈവത്തിന്റെ പ്രവൃത്തിയാണ്. വിത്ത് നടുന്നതും നനയ്ക്കുന്നതും മനുഷ്യനാണെങ്കിലും വളര്‍ത്തുന്നത് ദൈവമാണെന്ന് ഇദ്ദേഹം പറയുന്നു. 

ഇലഞ്ഞിയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം  ഫൊറോനാപ്പള്ളി വികാരിയായി ഇവിടെ എത്തിയിട്ട് ഒരുവര്‍ഷമായി. വെളുപ്പിന് 4 ന് ഉണരുന്ന അച്ചന്‍ പള്ളി കോമ്പൗണ്ടില്‍ ഗ്രോബാഗില്‍ നട്ടുവളര്‍ത്തിയിരിക്കുന്ന ഇഞ്ചി, മഞ്ഞള്‍, കച്ചോലം തുടങ്ങിയ വിളകളുടെ പരിപാലനത്തിനായി ഇറങ്ങും. ഇടവകപ്പുരയിടത്തിലും അച്ചന്റെ നേതൃത്വത്തില്‍ വലിയ തോതില്‍ കൃഷിചെയ്തിട്ടുണ്ട്. മുന്‍പ് മറ്റ് പള്ളികളില്‍ വികാരിയായിരുന്നപ്പോഴും കൃഷിയിലെ മികവിന് പാലാ രൂപതയുടെ  പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള പാനാമ്പുഴയച്ചന്‍ വ്യത്യസ്തമായ കൃഷിരീതികള്‍ കൊണ്ട്  മാധ്യമശ്രദ്ധയും നേടിയിട്ടുണ്ട്. പരമാവധി എല്ലാ കുടുംബങ്ങളും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പഴങ്ങളും സ്വന്തമായി തന്നെ കൃഷിചെയ്യണമെന്ന് അദ്ദേഹം പറയുന്നു. 

പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ 'ഓരോ വീടും ഭക്ഷ്യസുരക്ഷ കൈവരിക്കണ'മെന്ന ആഹ്വാനം ശിരസ്സാ വഹിക്കുന്നതോടൊപ്പം സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയോടും കൈ കോര്‍ക്കുകയാണ് ഈ വൈദികന്‍ സര്‍ക്കാരും പലവിധത്തില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ വന്‍തോതില്‍ നടപ്പിലാക്കുന്നുണ്ട്. തരിശുഭൂമി പരമാവധി കൃഷിയോഗ്യമാക്കി എല്ലാവരും കൃഷിയില്‍ സ്വയംപര്യാപ്തമാകണമെന്ന് മുഖ്യമന്ത്രിതന്നെ ആവശ്യപ്പെട്ടിരുന്നു. 

കെ.സി.വൈ.എമിന്റെ ആഭിമുഖ്യത്തില്‍ യുവാക്കളെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടി ക്ലാസ്സുകളും കൂട്ടായ്മകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 4.5 ഏക്കര്‍ പുരയിടത്തില്‍ അത്യുല്‍പാദനശേഷിയുള്ള 250ല്‍ പരം തെങ്ങുകള്‍ നട്ടുവളര്‍ത്തുന്നുണ്ട്. ചേന, ചീമച്ചേമ്പ്, കപ്പ, മാവ്, ഒട്ടുപ്ലാവ്, കൊമ്പന്‍മുളക്, നൂറുകണക്കിന് റെഡ് ലേഡി പപ്പായ തുടങ്ങി വിവിധതരം കൃഷികളും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇടവകയിലെ പള്ളിവക പുരയിടങ്ങളില്‍  ചെയ്യുന്നുണ്ട്. ഉള്ള സ്ഥലത്ത് ചെറുതായെങ്കിലും കൃഷിചെയ്യുന്നതിലൂടെ അമിതമായ കീടനാശിനികള്‍ ഉപയോഗിച്ച, അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി ഉപയോഗം പരമാവധി കുറയ്ക്കുവാനും അതുവഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനും കഴിയുമെന്ന് ഫാ. ജോസഫ് പാനാംപുഴ ഉറപ്പിച്ച് പറയുന്നു. 

കൃഷിയും കര്‍ഷകനുമാണ് നാടിന്റെ ഐശ്വര്യമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ആയിരക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ചേര്‍പ്പുങ്കല്‍പ്പള്ളിയുടെ പരിസരം വിവിധയിനം വിളകള്‍ കൊണ്ട് ഹരിതാഭമാകുമ്പോള്‍ അത് സമൂഹത്തിന് നല്‍കുന്ന ഹരിത സന്ദേശം അദ്ഭുതാവഹമായിരിക്കുമെന്ന് അച്ചന്‍ ഉറച്ചു വിശ്വസിക്കുന്നു. കാലാനുസൃതമായ സുവിശേഷ വേലയായിത്തന്നെയാണ് തങ്ങളുടെ വികാരിയച്ചന്‍ കൃഷിയെയും കാണുന്നതെന്നാണ് ഇടവകക്കാര്‍ പറയുന്നത്. പള്ളി മുറ്റത്ത് അച്ചന്‍ ആരംഭിച്ച ഈ ഹരിതവിപ്ലവം ഇടവകയിലെ കുടുംബങ്ങളിലേക്കും ചേര്‍പ്പുങ്കല്‍പ്പള്ളിയില്‍ തീര്‍ത്ഥാടകരായെത്തുന്ന ആയിരക്കണക്കിനാളുകളുടെ വീടുകളിലേക്കും അതിവേഗം വ്യാപിക്കുന്നതിന്റെ സന്തോഷത്തിലാണിന്നീ നാട്. 

സഹവികാരിമാരായ ഫാ. ജോര്‍ജ് ഈറ്റക്കക്കുന്നേല്‍, ഫാ. ജോര്‍ജ് ചൂരക്കാട്ട്, കൈക്കാരന്‍മാരായ സാജു കാരാമയില്‍, തൊമ്മച്ചന്‍ ആരംപുളിക്കല്‍, സജി തറപ്പയില്‍, ബെന്നി പുളിയമ്മാക്കല്‍ എന്നിവരും ഫാ. ജോസഫ് പാനാംപുഴക്ക് പൂര്‍ണ്ണ പിന്തുണയുമായി സജീവമായി രംഗത്തുണ്ട്.

Post a Comment

0 Comments