Subscribe Us



റോഡിന് പഞ്ചായത്തംഗമായ ഡോ സിന്ധുമോൾ ജേക്കബിൻ്റെ പേര് നൽകി നാടിൻ്റെ ആദരവ്

ഉഴവൂർ: വെളിയന്നൂർ, രാമപുരം, ഉഴവൂർ പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ പാറത്തോടിനോട് ചേർന്ന് പുത്തൻ വികസന അധ്യായമെഴുതി ഡോ. സിന്ധുമോൾ ജേക്കബ് റോഡ്. വഴി സ്വപ്‌നമായിരുന്ന വിവിധ കുടുംബങ്ങൾക്ക് വഴിയൊരുക്കിയ ജനപ്രതിനിധിയോടുള്ള ആദരവറിയിച്ച് റോഡിൻ്റെ ഗുണഭോക്താക്കൾ ചേർന്ന് റോഡിന് പഞ്ചായംത്തംഗത്തിന്റെ പേര് നൽകിയെന്നതും വേറിട്ട ചരിത്രമായി. റോഡിന് പേരു നൽകുന്നത് സംബന്ധിച്ച് ഗുണഭോക്താക്കൾ യോഗം ചേർന്ന് അപേക്ഷ തയ്യാറാക്കി പഞ്ചായത്തിനെ സമീപിച്ച് അനുമതി നേടുകയായിരുന്നു. റോഡിന് തുക അനുവദിച്ചെത്തിയപ്പോൾ സർക്കാർ രേഖകളിലടക്കം റോഡ് ഔദ്യോഗിക പേരും വന്നു.

ഇരുപത്തിയേഴ് കുടുംബങ്ങൾ ചേർന്നാണ് റോഡിനുള്ള സ്ഥലം സംഭാവന ചെയ്തത്. വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച ഫണ്ട്, മോൻസ് ജോസഫ് എംഎൽഎയുടെ പ്രാദേശിക വികസനഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ വിനിയോഗിച്ചാണ് റോഡ് വികസനവും റോഡിന്റെ ഭാഗമായ പാലത്തിന്റെ നിർമ്മാണവും നടക്കുന്നത്. പാലത്തിനായി മോൻസ് ജോസഫ് എംഎൽഎ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 17 ലക്ഷം രൂപയാണ് പഞ്ചായത്തംഗം ഡോ.സിന്ധുമോൾ ജേക്കബ് ലഭ്യമാക്കിയത്.

റോഡിന്റെ വികസനവും പാലം നിർമ്മാണത്തിന്റെ ആരംഭവും മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷേർളി രാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഡോ. സിന്ധുമോൾ ജേക്കബ് പ്രസംഗിച്ചു.ഷെറി മാത്യു, അനിൽ ആറു കാക്കൽ, സണ്ണി വെട്ടത്തു കണ്ടത്തിൽ, ആൻറണി വെട്ടത്തു കണ്ടത്തിൽ എന്നിവർ ആശംസകളർപ്പിച്ചു.

റോഡ് വികസനത്തിന് തുടക്കമിട്ടതിന് പിന്നാലെ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ 3.50 ലക്ഷം രൂയും ടെണ്ടർ ആയിട്ടുണ്ട്. പൊതുമരമാത്ത് വകുപ്പിന്റെ കീഴിലുള്ള ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ശൗച്യാലയവും ഉദ്യാനവും കഫേയുംഒരുക്കുന്നതോടെ പഞ്ചായത്തുകളുടെ സംഗമഭൂമിയുടെ മുഖഛായതന്നെ മാറും.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ നിർമ്മാണത്തിനായി ഒരു സെന്റ് സ്ഥലം വെട്ടത്തുകണ്ടത്തിൽ മാണി-മറിയം ദമ്പതികളുടെ സ്മരണാർത്ഥം കുടുംബം സംഭാവന ചെയ്തത് വികസനത്തിൽ ഏറെ നേട്ടമായി. ലഘുഭക്ഷണശാലയടക്കം ക്രമീകരിക്കാനാണ് തീരുമാനം.

കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം അരീക്കര വാർഡിൽ വിവിധ വികസനപദ്ധതികൾക്കായി ഒരു കോടി രൂപ ലഭ്യമാക്കിയതായി പഞ്ചായത്തംഗം ഡോ.സിന്ധുമോൾ ജേക്കബ് പറഞ്ഞു.

Post a Comment

0 Comments